കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ റിമാൻഡ് കാലാവധി കോടതി നീട്ടി. പ്രതികളായ കെ.എസ്. ബൈജു, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുടെ റിമാൻഡ് കാലാവധിയാണ് 14 ദിവസത്തേക്ക് കൂടി കോടതി നീട്ടിയത്.
പ്രതികളുടെ നിലവിലെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വീണ്ടും 14 ദിവസത്തേക്ക് കൂടി റിമാൻഡ് നീട്ടാൻ കോടതി ഉത്തരവിട്ടത്.കേസിലെ പ്രധാന പ്രതിയായ കെ.എസ്. ബൈജു നാളെ കോടതിയിൽ സ്വാഭാവിക ജാമ്യത്തിനായി അപേക്ഷ നൽകും.
ശബരിമലയിലെ ദ്വാരപാലക ശില്പം നിർമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ബൈജു ഇപ്പോൾ ജാമ്യത്തിനായി നീക്കം നടത്തുന്നത്. കട്ടിളപ്പാളിയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ ഇയാൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങളിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും മറ്റ് പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനുമായി അന്വേഷണസംഘം നടപടികൾ തുടരുകയാണ്.



