തിരുവനന്തപുരം: ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേരു നൽകാൻ പാടില്ലെന്നു മന്ത്രിസഭായോഗം തീരുമാനിച്ചു.
കേരള പബ്ലിക് സർവീസ് കമ്മീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ബാങ്കിംഗ് സർവീസ് കമ്മീഷൻ എന്നീ ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്കും വിവിധ കോഴ്സുകൾക്കുള്ള പ്രവേശനപരീക്ഷകൾ തുടങ്ങിയവയ്ക്ക് സൗജന്യ പരിശീലനം നൽകുന്ന ട്രെയിനിംഗ് സെന്ററുകളുണ്ട്.
ധാരാളം കുടിയേറ്റ കർഷകരുള്ള മലയോര പ്രദേശമായ കണ്ണൂരും ഇടുക്കിയിലും കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും ധാരാളം മത്സ്യത്തൊഴിലാളികൾ അധിവസിക്കുന്ന എറണാകുളത്തും തിരുവനന്തപുരത്തുമുള്ള തീരപ്രദേശങ്ങളിലും ഇത്തരം ട്രെയിനിംഗ് ഉപകേന്ദ്രങ്ങൾ സ്ഥാപിക്കാനും തീരുമാനിച്ചു.
പരിവർത്തിത ക്രൈസ്തവ കോർപറേഷന് കണ്ണൂർ ജില്ലയിൽ ഓഫീസ് ആരംഭിക്കും. കമ്യൂണിറ്റി ക്വാട്ടയിലെ സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന ഇ-ഗ്രാന്റ് സ്കോളർഷിപ്പുകൾ പുനഃസ്ഥാപിച്ചു നൽകും. ക്ഷേമപെൻഷൻ 1,600 രൂപയിൽനിന്ന് 2000 രൂപ ആക്കി വർധിപ്പിച്ച സാഹചര്യത്തിൽ ഗവണ്മെന്റ് ഗ്രാന്റായി ഓർഫനേജുകൾക്കും അന്തേവാസികൾക്കും നൽകിവന്ന തുക ആനുപാതികമായി ഉയർത്തി. 1100 രൂപയിൽനിന്ന് 1375 രൂപയിലേക്കാണ് ഉയർത്തിയത്.
ഒഇസി ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ ജാതി അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്റ്റൈപ്പന്റും ലംപ്സം ഗ്രാന്റും സ്കോളർഷിപ്പ് അല്ല എന്നു വ്യക്തമാക്കിക്കൊണ്ട് ഉത്തരവിറക്കാനും തീരുമാനിച്ചു.



