തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശിയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കുമായ ജിജിന്റെ (28) അവയവങ്ങൾ ദാനം ചെയ്തു. മരണശേഷവും അഞ്ചുപേരിലൂടെ ജീവിതത്തിലേക്കാണ് ജിജിന് മടങ്ങിയെത്തിയത്.
ഞായറാഴ്ച പുലർച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വെച്ചാണ് ജിജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റ ജിജിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെ ജിജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
മകന്റെ വേർപാടിലും മറ്റുള്ളവർക്ക് തണലാകണമെന്ന കുടുംബത്തിന്റെ ഉറച്ച തീരുമാനമാണ് അവയവദാനത്തിലേക്ക് നയിച്ചത്. ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് നൽകി. കരൾ കിംസ് ആശുപത്രിയിലെ തന്നെ മറ്റൊരു രോഗിക്കും വൃക്കകൾ മെഡിക്കൽ കോളേജിലെ രോഗിക്കും മറ്റൊന്ന് കിംസ് ആശുപത്രിയിലെ രോഗിക്കും നൽകും, നേത്രപടലങ്ങൾ കാഴ്ചയില്ലാത്ത രണ്ട് വ്യക്തികൾക്ക് പുതുവെളിച്ചമേകും.
മെഡിക്കൽ കോളേജിൽ നിന്നും അവയവങ്ങൾ കൃത്യസമയത്ത് കിംസ് ആശുപത്രിയിൽ എത്തിക്കുന്നതിനായി പോലീസ് ‘ഗ്രീൻ ചാനൽ’ സംവിധാനം ഒരുക്കിയിരുന്നു. ഹൃദയവും മറ്റ് അവയവങ്ങളും അതീവ ജാഗ്രതയോടെയാണ് നിശ്ചിത സമയത്തിനുള്ളിൽ ശസ്ത്രക്രിയയ്ക്കായി എത്തിച്ചത്.



