കോട്ടയം: ദേവലോകം ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തും ചങ്ങനാശേരി പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തും സന്ദര്‍ശനം നടത്തി യുഡിഎഫ് പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഇന്നു രാവിലെ കോട്ടയത്ത് എത്തിയ ചെന്നിത്തല എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചയും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും നടത്തിയാണു മടങ്ങിയത്.
ഓർത്തഡോക്സ് സഭാ അധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും കൂടിക്കാഴ്ച നടത്തി. സഭയിലെ മറ്റ് ബിഷപ്പുമാരും ആസ്ഥാനത്ത് ഉണ്ടായിരുന്നു. കോട്ടയത്ത് എത്തുമ്പോള്‍ ബാവയെ കാണാറുണ്ടെന്നും ബാവയുമായി അടുത്ത ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദേവലോകം ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. എപ്പോഴും ദേവലോകത്തെ നിത്യ സന്ദര്‍ശകനാണെന്നും സഭയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.



