പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 2018-ൽ നടത്തിയ പരാമർശത്തിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ ഹർജിയിൽ ബോംബെ ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് എൻ ആർ ബോർക്കർ ഉൾപ്പെട്ട സിംഗിൾ ബെഞ്ചാണ് ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷം വിധി പുറപ്പെടുവിക്കാനായി മാറ്റിവെച്ചത്.

ബിജെപി പ്രവർത്തകൻ മഹേഷ് ശ്രീശ്രീമൽ 2019 ഓഗസ്റ്റിൽ ഗിർഗാവിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിനെതിരെയാണ് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്.

2018 സെപ്റ്റംബറിൽ രാജസ്ഥാനിൽ നടന്ന പൊതുറാലിയിൽ പ്രധാനമന്ത്രിയെ രാഹുൽ ഗാന്ധി “കമാൻഡർ-ഇൻ-തീഫ്” എന്ന് വിളിച്ചുവെന്നാണ് പരാതി. ഇതേ പരാമർശം രാഹുൽ സോഷ്യൽ മീഡിയയിലും ആവർത്തിച്ചതായി പരാതിക്കാരൻ ആരോപിക്കുന്നു.