വെനിസ്വേലയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് വൻതോതിൽ എത്തുന്നു. 20 ലക്ഷം ബാരൽ വരെ എണ്ണ വഹിക്കാൻ ശേഷിയുള്ള ഭീമൻ ടാങ്കറുകളാണ് (VLCC) ഇപ്പോൾ ഇന്ത്യൻ തീരങ്ങളിലേക്ക് തിരിക്കുന്നത്. അമേരിക്കൻ ഉപരോധങ്ങളിൽ ഇളവ് ലഭിച്ചതോടെ വെനിസ്വേലയുടെ എണ്ണ വിപണി സജീവമായതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. ഭീമൻ കപ്പലുകൾ ഉപയോഗിക്കുന്നതിലൂടെ ഗതാഗത ചിലവ് കുറയ്ക്കാനും വേഗത്തിൽ എണ്ണ എത്തിക്കാനും സാധിക്കുമെന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമാകും.
റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, വിറ്റോൾ (Vitol), ട്രാഫിഗുറ (Trafigura) തുടങ്ങിയ വൻകിട ട്രേഡിംഗ് ഹൗസുകൾ നിസ്സോസ് കിയ, നിസ്സോസ് കിത്‌നോസ്, അർസാന എന്നീ ഭീമൻ ടാങ്കറുകൾ വെനിസ്വേലയിലെ ജോസ് ടെർമിനലിൽ നിന്ന് എണ്ണ എത്തിക്കുന്നതിനായി വാടകയ്‌ക്കെടുത്തു കഴിഞ്ഞു. ഇവയെല്ലാം ഇന്ത്യയിലേക്കാണ് വരുന്നത്. സാധാരണ ടാങ്കറുകളെ അപേക്ഷിച്ച് നാലിരട്ടി അധികം എണ്ണ വഹിക്കാൻ ശേഷിയുള്ളവയാണ് ഈ ടാങ്കറുകൾ. അടുത്ത മാസത്തോടെ വെനിസ്വേലൻ എണ്ണയുടെ വരവ് ഇന്ത്യയിൽ സജീവമാകും.
ഇന്ത്യൻ റിഫൈനറികളെ സംബന്ധിച്ചിടത്തോളം ഇത് നിർണ്ണായകമായ ഒരു നീക്കമാണ്. 2019-ൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നതിന് മുമ്പ് വെനിസ്വേലൻ ക്രൂഡ് ഓയിലിന്റെ ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്താവായിരുന്നു ഇന്ത്യ. ഇപ്പോൾ ഉപരോധങ്ങളിൽ ഇളവ് വന്നതോടെ റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള കമ്പനികൾ വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റിലയൻസ് വെനിസ്വേലയിൽ നിന്ന് നേരിട്ട് എണ്ണ വാങ്ങുന്നത്.
റിലയൻസിന് പുറമെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം (BPCL), എച്ച്പിസിഎൽ മിത്തൽ എനർജി എന്നീ കമ്പനികളും വെനിസ്വേലൻ എണ്ണ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിലെ കുറവ് നികത്താനും സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനും ഇതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു. വെനിസ്വേലയുടെ ‘മെറി ഹെവി ക്രൂഡ്’ വിലക്കുറവിൽ ലഭിക്കുന്നത് ഇന്ത്യൻ കമ്പനികൾക്ക് ആശ്വാസമാകും.
കയറ്റുമതിയിലെ കുതിച്ചുചാട്ടം
ഉപരോധങ്ങളിൽ ഇളവ് ലഭിച്ചതോടെ വെനിസ്വേലയുടെ എണ്ണ കയറ്റുമതിയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറിൽ പ്രതിദിനം 5 ലക്ഷം ബാരലായിരുന്ന കയറ്റുമതി ജനുവരിയിൽ 8 ലക്ഷം ബാരലായി ഉയർന്നു. വൻതോതിൽ എണ്ണ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അത് സൂക്ഷിക്കാൻ വെനിസ്വേല പ്രയാസപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള വ്യാപാരം സജീവമാകുന്നത് വെനിസ്വേലയ്ക്കും ഗുണകരമാകും. വരും മാസങ്ങളിൽ കൂടുതൽ ഭീമൻ ടാങ്കറുകൾ ഇന്ത്യയിലേക്ക് എണ്ണയുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



