താൻ ഏർപ്പെടുത്തിയ താരിഫ് (വിദേശ ഇറക്കുമതി തീരുവ) തടഞ്ഞ സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ച നടന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഈടാക്കുന്ന താരിഫുകൾ ഭാവിയിൽ ആദായ നികുതിക്ക് (Income Tax) പകരമാകുമെന്നും, ഇത് അമേരിക്കൻ ജനതയുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

“വിദേശ രാജ്യങ്ങൾ നൽകുന്ന ഈ താരിഫുകൾ പഴയ കാലത്തെപ്പോലെ ആധുനിക ആദായ നികുതി സമ്പ്രദായത്തിന് പകരമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ സ്നേഹിക്കുന്ന എന്റെ ജനതയുടെ മേലുള്ള വലിയൊരു സാമ്പത്തിക ബാധ്യത ഇതിലൂടെ നീക്കം ചെയ്യാൻ സാധിക്കും,” ട്രംപ് പറഞ്ഞു. പ്രസിഡന്റിന്റെ ഈ പ്രഖ്യാപനം അമേരിക്കൻ നികുതി വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്താനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

സുപ്രീം കോടതി ജഡ്ജിമാരുടെ സാന്നിധ്യത്തിലായിരുന്നു ട്രംപിൻ്റെ ഈ വിവാദ പരാമർശങ്ങൾ. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സ്, ആമി കോണി ബാരറ്റ്, ബ്രെറ്റ് കവനോഗ്, എലീന കഗൻ എന്നീ നാല് ജഡ്ജിമാർ സഭയിൽ സന്നിഹിതരായിരുന്നു. പ്രസംഗത്തിന് മുമ്പ് മൂന്ന് ജഡ്ജിമാർക്ക് ഹസ്തദാനം നൽകി സൗഹൃദം പ്രകടിപ്പിച്ച ട്രംപ്, പ്രസംഗം തുടങ്ങിയതോടെ അവർക്കെതിരെ തിരിയുകയായിരുന്നു. തന്റെ നയങ്ങളെ കോടതി തടയുന്നതിലുള്ള അതൃപ്തി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചു.