ഇറാന്റെ മധ്യപ്രവിശ്യയായ ഇസ്ഫഹാനിലെ തിരക്കേറിയ മാർക്കറ്റിലേക്ക് സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് നാല് മരണം. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റ്, കോ-പൈലറ്റ് എന്നിവർക്ക് പുറമെ രണ്ട് വ്യാപാരികളുമാണ് മരിച്ചതെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്ഫഹാൻ പ്രവിശ്യയിലെ ദോർചെ (Dorcheh) നഗരത്തിലാണ് അപകടം നടന്നത്. ഹെലികോപ്റ്റർ വീണതിനെത്തുടർന്ന് മാർക്കറ്റിൽ വലിയ തീപിടുത്തമുണ്ടായെങ്കിലും ഫയർഫോഴ്സ് എത്തി നിയന്ത്രണവിധേയമാക്കി.
വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും കാലപ്പഴക്കവും അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവുമാണ് ഇറാനിൽ വിമാനാപകടങ്ങൾ വർദ്ധിക്കാൻ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപ് വാങ്ങിയ വിമാനങ്ങളാണ് ഇറാൻ ഇപ്പോഴും ഉപയോഗിക്കുന്നത്. കഴിഞ്ഞ ആഴ്ചയും ഇറാനിൽ സമാനമായ അപകടം നടന്നിരുന്നു. ഹമദാൻ പ്രവിശ്യയിൽ പരിശീലന പറക്കലിനിടെ എഫ്-4 യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങൾ ഇറാന്റെ വ്യോമയാന സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്.



