കാനഡയിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച 22-കാരനായ ഇന്ത്യൻ പൗരനെ കാനഡ നാടുകടത്തി. ലൗബീർ സിംഗ് എന്ന യുവാവിനെയാണ് സറേ പോലീസ് സർവീസിന്റെ (SPS) അന്വേഷണത്തെത്തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. പണം തട്ടൽ കേസുകളിൽ ഉൾപ്പെട്ട വിദേശ പൗരന്മാരെ പുറത്താക്കുന്ന നടപടി കാനഡ പരസ്യമായി പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്.

2023-ൽ കാനഡയിലെത്തിയ ലൗബീർ സിംഗ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി 2026-ന്റെ തുടക്കത്തിലാണ് കണ്ടെത്തിയത്. തുടർന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ നാടുകടത്തിയത്.  ലൗബീറിന്റെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ചോ ഇയാൾ ഉൾപ്പെട്ട ക്രിമിനൽ ശൃംഖലകളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ അറിയുന്നവർ മുന്നോട്ടുവരണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഇന്ത്യൻ പൗരത്വം സ്ഥിരീകരിക്കാൻ കഴിയുന്ന കുറ്റവാളികളെ തിരികെ സ്വീകരിക്കുന്നതിൽ സഹകരിക്കുമെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.

സമാനമായ കേസിൽ അർഷ്ദീപ് സിംഗ് എന്ന മറ്റൊരു ഇന്ത്യക്കാരനെയും നേരത്തെ കാനഡ പുറത്താക്കിയിരുന്നു. പ്രശസ്ത താരം കപിൽ ശർമ്മയുടെ ഉടമസ്ഥതയിലുള്ള കാപ്സ് കഫേയ്ക്ക് നേരെ നടന്ന വെടിവെപ്പിന്റെ മുഖ്യസൂത്രധാരൻ മൻസിംഗ് സെഖോണുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം മാത്രം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 22,000-ത്തിലധികം പേരെയാണ് കാനഡ പുറത്താക്കിയത്. ഇത് ഒരു റെക്കോർഡ് കണക്കാണ്.