ചങ്ങനാശേരി: യുജിസി വിഭാവനം ചെയ്യുന്ന അന്തര്‍വൈജ്ഞാനിക പഠനരീതികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ആരംഭിച്ച ചരിത്രവുമായി ചങ്ങനാശേരി എസ്ബി കോളജ്. അന്താരാഷ്ട്ര നിലവാരമുള്ള ലബോറട്ടറികള്‍ക്കും വിപുലമായ ലൈബ്രറിക്കും പുറമേ, വിജ്ഞാന വ്യാപനത്തിനായി നിരവധി പ്രത്യേക ഗവേഷണ കേന്ദ്രങ്ങളും കോളജ് ഒരുക്കിയിട്ടുണ്ട്. കോളജ് മാനേജ്മെന്റിനൊപ്പം പൂര്വിദ്യാര്ഥികളും അഭ്യുദയകാംക്ഷികളും നല്കുന്ന നിര്‍ലോഭമായ പിന്തുണയാണ് ഈ അക്കാദമിക മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരുന്നത്.
കോളജിലെ മലയാള വിഭാഗത്തിന് കീഴിലുള്ള അത്യാധുനിക ഗവേഷണ കേന്ദ്രം ഇത്തരത്തിലുള്ള മികച്ചൊരു ഉദാഹരണമാണ്. ലോകപ്രശസ്ത എച്ച്ഐവി സ്പെഷലിസ്റ്റ് ഡോ. ജോഷി ജോണ്‍ തന്റെ പിതാവും കോളജിലെ പൂര്വാധ്യാപകനുമായിരുന്ന പ്രഫ. ഉലഹന്നന്‍ മാപ്പിളയുടെ സ്മരണാര്‍ഥം പണികഴിപ്പിച്ച ഈ കേന്ദ്രം മൂന്ന് നിലകളിലായാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഫറന്‍സ് ഹാള്‍, മിനി തിയറ്റര്‍ എന്നിവയ്ക്കൊപ്പം 1539ല്‍ പ്രസിദ്ധീകരിച്ച ദ് ഗ്രേയിറ്റ് ബൈബിള്‍ പാരഡൈസ് ലോസ്റ്റ്, ജോണ്‍സണ്‍സ് ഡിക്ഷണറി എന്നിവയുടെ ആദ്യപതിപ്പുകളുടെ റെപ്ലിക്കകളും ഷേക്സ്പിയര് കൃതികളുടെ മിനിയേച്ചര്‍ പതിപ്പുകളും ഉള്‍പ്പെടുന്ന അപൂര്‍വ ഗ്രന്ഥശേഖരം ഈ സെന്ററിന്റെ പ്രത്യേകതയാണ്. ഫാ. ഡോ. ജോസ് ജോര്‍ജാണ് നിലവില്‍ ഈ സെന്ററിന്റെ ഡയറക്ടര്‍.
» ആദ്യ കാമ്പസ് ചാനല്‍ ബര്‍ക്ക്മാന്‍സ് ടിവി
മാധ്യമരംഗത്തും മികച്ച സ്വാധീനം ചെലുത്തുന്ന കോളജില്‍ 1964-71 കാലഘട്ടത്തിലെ പൂര്‍വവിദ്യാര്‍ഥി ജോണ്‍ പടലുങ്കല്‍ ചാക്കോയും ഭാര്യ ലിസിയും ചേര്‍ന്നുനല്‍കിയ അത്യാധുനിക സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തിലെ ആദ്യത്തെ കാമ്പസ് ചാനലായ ബിടിവി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. 2025ല്‍ സ്ഥാപിതമായ ബര്‍ക്ക്മാന്‍സ് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അക്കാദമിക് എക്സലന്‍സ് രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കോളജിനെ ബന്ധിപ്പിക്കുന്ന കണ്ണിയായി വര്‍ത്തിക്കുന്നു.
ജപ്പാനിലെ സോഫിയ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് നിരവധി പ്രോഗ്രാമുകള്‍ ഇതിനകം സംഘടിപ്പിച്ച ഈ കേന്ദ്രം, വിദേശ വിദ്യാര്‍ഥികള്‍ക്ക് എസ്ബിയില്‍ പഠിക്കാനും ഇവിടത്തെ വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകള്‍ സന്ദര്‍ശിക്കാനും അവസരമൊരുക്കുന്നു.
» ജോര്‍ജ് പടനിലം സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്
സാമൂഹിക പ്രതിബദ്ധതയുള്ള ഗവേഷണങ്ങള്‍ക്കായി ഡോ. ജോര്‍ജ് പടനിലത്തിന്റെ സാമ്പത്തിക സഹായത്തോടെ ജോര്‍ജ് പടനിലം സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് പ്രവര്‍ത്തിക്കുന്നു. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍, വിദ്യാഭ്യാസം, പുനരധിവാസം എന്നിവയില്‍ ഊന്നിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന ഈ കേന്ദ്രം സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് കേരളത്തിലെ തീരദേശ മേഖലയിലുള്ളവര്‍ക്കായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചുവരുന്നു. കെമിസ്ട്രി വിഭാഗം ഡീന്‍ ഡോ. രഞ്ജിത്ത് തോമസാണ് ഈ രണ്ട് കേന്ദ്രങ്ങൾക്കും നേതൃത്വം നല്‍കുന്നത്.
കുട്ടനാടന്‍ മേഖലയിലെ പരിസ്ഥിതി-കാര്‍ഷിക പ്രതിസന്ധികള്‍ക്ക് ശാസ്ത്രീയ പരിഹാരം കാണാനായി സെന്റര്‍ ഫോര്‍ കുട്ടനാട് സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് എന്ന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രമുഖ കര്ഷകന് ജോസ് ജോണ്‍ വേങ്ങത്രയുടെ സഹകരണത്തോടെ നെല്‍കൃഷി സംബന്ധമായ പഠനങ്ങളും സെമിനാറുകളും ഇവിടെ നടക്കുന്നു.
» സെബാസ്റ്റ്യന്‍ തച്ചങ്കരി സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍
മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനുമായി ടി.സി. സെബാസ്റ്റ്യന്‍ തച്ചങ്കരി സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ എന്ന കേന്ദ്രം വനംവകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പ്രഫ. ചെറിയാന് സെബാസ്റ്റ്യന്‍ തച്ചങ്കരിയാണ് ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത്. കുട്ടനാട് സ്റ്റഡി സെന്ററിന്റെയും വൈല്‍ഡ് ലൈഫ് സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഡോ. റൂബിന് ഫിലിപ്പാണ്.
» ഡോ. കെ.എം. ഏബ്രഹാം സെന്റര്‍ ഫോര്‍ എനര്‍ജി ആന്‍ഡ് എന്‍വയണ്‍മെന്റ്
ഈ മികവിന്റെ പട്ടികയിലേക്ക് ഏറ്റവും പുതുതായി ചേര്‍ക്കപ്പെടുന്നത് ഡോ. കെ.എം. ഏബ്രഹാം സെന്റര്‍ ഫോര്‍ എനര്‍ജി ആന്‍ഡ് എന്‍വയണ്‍മെന്റ് എന്ന അത്യാധുനിക ഗവേഷണ കേന്ദ്രമാണ്. കോളജ് ശതാബ്ദിയോടനുബന്ധിച്ച് ആരംഭിക്കുന്ന ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് നിര്‍വഹിക്കും.
ലോകപ്രശസ്ത ലിഥിയം ബാറ്ററി ശാസ്ത്രജ്ഞനും പൂര്‍വവിദ്യാര്‍ഥിയുമായ ഡോ. കെ.എം. ഏബ്രഹാം ഒന്നരക്കോടി രൂപയുടെ സഹായമാണ് ഇതിനായി നല്‍കുന്നത്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഗവേഷണ കേന്ദ്രത്തിന് ഈ പേര് നല്‍കിയിരിക്കുന്നത്.
ഊര്‍ജം, പരിസ്ഥിതി, ഹരിത രസതന്ത്രം തുടങ്ങിയ മേഖലകളിലെ നൂതന ഗവേഷണങ്ങള്‍ക്കായി എഫ്ടി ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍, ഫ്ളൂറസന്‍സ് സ്പെക്ട്രോമീറ്റര്‍ തുടങ്ങി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഉപകരണങ്ങള്‍ ഇവിടെ സജ്ജീകരിക്കും. ഡോ. ടോംലാല്‍ ജോസാണ് സെന്റര്‍ ഡയറക്ടര്‍.



