വിവാദങ്ങൾക്കും വലിയ സാമ്പത്തിക വിജയത്തിനും വഴിയൊരുക്കിയ ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ താൻ എന്തുകൊണ്ട് സംവിധാനം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി സംവിധായകൻ സുദീപ്തോ സെൻ. വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 27-നാണ് റിലീസ് ചെയ്യുന്നത്.
കാമാഖ്യ നാരായണ സിംഗാണ് രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നാം ഭാഗത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ സുദീപ്തോ സെൻ, ആഴത്തിലുള്ള ഗവേഷണമില്ലാതെ ഇത്തരം വിഷയങ്ങളിൽ സിനിമ ചെയ്യാൻ തനിക്ക് കഴിയില്ലെന്ന് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സീക്വൻസിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം വിശദീകരിച്ച സെൻ പറഞ്ഞത് ഇങ്ങനെയാണ്: “ആദ്യ സിനിമയ്ക്കായി ഞാൻ 10 വർഷത്തോളം ആ വിഷയത്തിൽ ഗവേഷണം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ആ സിനിമയിലെ ഓരോ വാക്കിലും ദൃശ്യത്തിലും എനിക്ക് ഉറച്ചുനിൽക്കാൻ കഴിയും. എന്നാൽ രണ്ടാം ഭാഗം കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കുമ്പോൾ, എനിക്ക് വാട്സാപ്പ് സന്ദേശങ്ങളെയോ പത്രവാർത്തകളെയോ മാത്രം ആശ്രയിക്കാൻ കഴിയില്ല.”



