സംസ്ഥാന സർക്കാർ ഔദ്യോഗിക സംവിധാനങ്ങളും പൊതുമുതലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ഭരണസംവിധാനങ്ങളെ നിയമവിരുദ്ധമായി രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.
സർക്കാർ ജീവനക്കാരുടെ ശമ്പള വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഔദ്യോഗിക പോർട്ടലായ ‘സ്പാർക്കിൽ’ (SPARK) നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി വിവരങ്ങൾ ശേഖരിച്ചതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അടിമാലിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. ഡാറ്റാ മോഷണത്തിനെതിരെ ഹൈക്കോടതി വിധികളും വ്യക്തമായ നിയമവ്യവസ്ഥകളും നിലവിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



