കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നേട്ടത്തിലായിരുന്ന ഇന്ത്യൻ ഓഹരി വിപണി ചൊവ്വാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ വലിയ തകർച്ച നേരിട്ടു. സെൻസെക്സും നിഫ്റ്റിയും അര ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. പ്രധാനമായും ഐടി ഓഹരികളിലുണ്ടായ കനത്ത വിറ്റഴിക്കലാണ് വിപണിയെ പിന്നോട്ടടിച്ചത്.

ആഗോള വിപണിയിലെ തളർച്ചയും അമേരിക്കൻ വിപണിയിലെ ഓഹരികളുടെ വിലയിടിവും ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചു. രാവിലെ 9:27-ഓടെ സെൻസെക്സ് 572.60 പോയിന്റ് ഇടിഞ്ഞ് 82,722.06 എന്ന നിലയിലും നിഫ്റ്റി 156.60 പോയിന്റ് താഴ്ന്ന് 25,556.40 എന്ന നിലയിലുമായിരുന്നു.