മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളുമായ മുകുൾ റോയ് (71) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ 1.30-ഓടെ കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് മകൻ സുഭ്രാൻഷു റോയ് സ്ഥിരീകരിച്ചു.

ദീർഘകാലമായി ഡിമെൻഷ്യ (മറവിരോഗം) ഉൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങളായി കോമയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ശനിയാഴ്ച രാത്രിയോടെ വഷളാവുകയായിരുന്നു.

“എല്ലാം അവസാനിച്ചു. വലിയൊരു ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ ഡോക്ടർമാർക്ക് സാധിച്ചില്ല,” സുഭ്രാൻഷു റോയ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി മുകുൾ റോയിയുടെ ആരോഗ്യം അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഉറ്റവരെ തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്ന അദ്ദേഹത്തിന് ട്യൂബ് വഴിയാണ് ഭക്ഷണം നൽകിയിരുന്നത്. മൃതദേഹം വസതിയിലെത്തിച്ച ശേഷം തിങ്കളാഴ്ച സംസ്കാര ചടങ്ങുകൾ നടക്കും.