സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയാണ് ഇന്ന് റെക്കോർഡ് വർദ്ധനവിലേക്ക് നീങ്ങിയത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 1520 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഈ ഫെബ്രുവരി മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ്ണവ്യാപാരം നടക്കുന്നത് എന്നത് ഉപഭോക്താക്കളെയും നിക്ഷേപകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു.
വിപണിയിലെ പുതിയ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,18,320 രൂപയായി ഉയർന്നു. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,790 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഫെബ്രുവരി മാസത്തിന്റെ തുടക്കം മുതൽ സ്വർണ്ണവിലയിൽ പ്രകടമായ വലിയ മാറ്റങ്ങളുടെ തുടർച്ചയായാണ് ഇന്നത്തെ ഈ വിലക്കയറ്റം. മാസത്തിൻ്റെ തുടക്കത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1.07 ലക്ഷം രൂപയിലേക്ക് താഴ്ന്നിരുന്നെങ്കിലും പിന്നീട് വിപണി തിരിച്ചു കയറുന്ന കാഴ്ചയാണ് കാണുന്നത്.



