തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ ഡോ. ഷാഹിദയെ സസ്പെൻഡ് ചെയ്തതിൽ രൂക്ഷ പ്രതികരണവുമായി ഡോക്ടർമാരുടെ സംഘടന കെജിഎംസിടിഎ. ചികിത്സ വേണ്ടത് സിസ്റ്റത്തിനാണെന്നും ഒറ്റമൂലി കൊണ്ട് പരിഹാരം കാണാനാവില്ലെന്നും സംഘടന പറഞ്ഞു.
അന്വേഷണം പൂർത്തിയാകും മുൻപുള്ള സസ്പെൻഷൻ അംഗീകരിക്കാനാവില്ല. സിസ്റ്റം ഇങ്ങനെ എങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടും. ആവശ്യത്തിന് ജീവനക്കാരില്ലെന്ന് പത്ത് വർഷമായി പറയുന്നു. ആശുപത്രികൾ ജോലി ചെയ്യുന്നത് മന്ത്രിയല്ല. ഡോക്ടർമാരാണ്. ആശുപത്രികളിലെ കുറവ് അറിയുന്നത് ഞങ്ങൾക്കാണെന്നും എല്ലാ സൗകര്യവും ഉണ്ടെന്നാണോ കരുതുന്നതെന്നും ഇവർ ചോദിച്ചു.
ആരോഗ്യ മന്ത്രി സംവാദത്തിന് തയാറാണോയെന്നും ഡോക്ടർമാർ ചോദിച്ചു. ഒരിക്കൽ പോലും കുറവുകൾ പരിഹരിക്കാമെന്ന് മന്ത്രി പറഞ്ഞിട്ടില്ല. പരിമിതികൾ സഹിച്ച് ഇനി ജോലി ചെയ്യാനില്ലെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. സിസ്റ്റത്തിന്റെ പരാജയം ഇല്ലാതാക്കാൻ ശ്രമിക്കേണ്ടത് തലപ്പത്ത് ഇരിക്കുന്നവരാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.



