ന്യൂഡൽഹി: 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിൽ സുപ്രധാന വിധി. ഉത്തർപ്രദേശിലെ പോക്സോ കോടതി ദമ്പതികൾക്കു വധശിക്ഷ വിധിച്ചു. പ്രതികളായ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവർക്കാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ വധശിക്ഷ കിട്ടിയത്. പീഡിപ്പിക്കപ്പെട്ടവരിൽ മൂന്നു വയസുള്ള കുട്ടികൾ പോലുമുണ്ട്. യുപിയിലെ ബന്ദയിലെ പോക്സോ പ്രത്യേക കോടതിയാണ് പ്രധാന വിധി പ്രഖ്യാപിച്ചത്.
പ്രകൃതിവിരുദ്ധ പീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ, കുട്ടികളുടെ അശ്ലീലസാഹിത്യം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റകൃത്യങ്ങൾ പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തി. പീഡനത്തിന് ഇരയായ ഒാരോ കുട്ടിക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോട് ഉത്തരവിട്ടു. ഇതിനുപുറമെ, പ്രതിയുടെ പക്കൽനിന്നു കണ്ടുകെട്ടുന്ന തുകയും ഇരകൾക്കു തുല്യമായി വിതരണം ചെയ്യണമെന്നും കോടതി പറഞ്ഞു.
സിബിഐ കണ്ടെത്തൽ
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 2020 ഒക്ടോബറിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രാംഭവനും മറ്റുള്ളവർക്കുമെതിരെ കേസ് ഫയൽ ചെയ്തിരുന്നു.
അന്വേഷണത്തിൽ, പ്രതികൾ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തതായി സിബിഐ കണ്ടെത്തി. ക്രൂരമായ പീഡനങ്ങളാണ് ഇവരിൽനിന്നു കുട്ടികൾക്കു നേരിടേണ്ടി വന്നത്. പലരുടെയും സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റിരുന്നു. ചിലർക്കു വർഷങ്ങളോളം ആശുപത്രികളിൽ കഴിയേണ്ടിവന്നു. ശരീരത്തിന്‍റെ പല ഭാഗങ്ങളിൽ പരിക്കേറ്റവരുണ്ട്. മാനസികാഘാതം വേറെ.
സമ്മാനങ്ങൾ നൽകി
പ്രതികൾ 2010 നും 2020 നും ഇടയിൽ യുപിയിലെ ബന്ദയിലും ചിത്രകൂടിലും പ്രവർത്തിച്ചിരുന്നു. രാംഭവൻ ജലസേചന വകുപ്പിൽ ജൂനിയർ എൻജിനിയറായി ജോലി ചെയ്തിരുന്നു. ഓൺലൈൻ വീഡിയോ ഗെയിമുകൾ കാണിച്ചും പണവും സമ്മാനങ്ങളും നൽകിയുമാണ് രാംഭവൻ കുട്ടികളെ ആകർഷിച്ചിരുന്നത്.
കേസ് ഏറ്റെടുത്ത സിബിഐ കുട്ടികളെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. അവർക്കു കൗൺസലിംഗ് നൽകി. ഫോറൻസിക്, ഡിജിറ്റൽ തെളിവുകളും പ്രതികൾക്കെതിരേ കോടതിയിൽ ഹാജരാക്കി. 2021 ഫെബ്രുവരിയിൽ രാംഭവനും ഭാര്യയ്ക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
സമാനതകളില്ലാത്ത ക്രൂരതയും കുറ്റകൃത്യങ്ങളുടെ വ്യവസ്ഥാപിത സ്വഭാവവും കണക്കിലെടുത്താൽ കേസ് “അപൂർവങ്ങളിൽ അപൂർവം” ആണെന്നു കോടതി പറഞ്ഞു. ഒന്നലധികം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുറ്റകൃത്യ പരന്പര പ്രതികൾ ചെയ്ത ഹീനകൃത്യത്തെ വെളിപ്പെടുത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷയ്ക്ക് അർഹമാണ് കുറ്റമെന്നു കോടതി പറഞ്ഞു.



