ഇത് ആകാശത്ത് നിന്ന് വീണതാണോ?, അതോ ഭൂമിയിൽ നിന്ന് പൊട്ടിമുളച്ചതോ?, പറഞ്ഞ് വരുന്നത് ജനറൽ എം.എം. നരവനെയുടെ പുസ്തകത്തെ കുറിച്ചാണ്. പബ്ലിഷറും സർക്കാരും നിലവിലില്ലെന്ന് അവകാശപ്പെട്ട ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ അച്ചടിച്ച കോപ്പി രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചിട്ട് 16 ദിവസത്തിലേറെയായി.
പ്രതിരോധ സംബന്ധിയായ കാര്യങ്ങൾ ഉൾപ്പെട്ടതിനാൽ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് മറുപടി നൽകേണ്ടതായ ചില പ്രധാന ചോദ്യങ്ങൾ ഇപ്പോൾ ഉയർന്ന് വരുന്നുണ്ട്.
പുസ്തകത്തെ കുറിച്ച് വ്യക്തത തേടി ഇന്ത്യ ടുഡേ ഡിജിറ്റൽ പെൻഗ്വിൻ റാൻഡം ഹൗസിനെ ഇമെയിൽ, ഫോൺ, സന്ദേശങ്ങൾ വഴി ബന്ധപ്പെട്ടെങ്കിലും ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ഔദ്യോഗിക പ്രതികരണം ലഭിച്ചാൽ റിപ്പോർട്ട് അപ്ഡേറ്റ് ചെയ്യും.



