ടി20 ലോകകപ്പിൽ ബംഗ്ലാദേശ് കളിക്കാത്തതിനെ തുടർന്ന് രണ്ട് ക്രിക്കറ്റ് താരങ്ങൾ മാനസികമായി കോമയിലായെന്ന് ആരോപിച്ച് ബംഗ്ലാദേശ് സീനിയർ അസിസ്റ്റന്റ് കോച്ച് മുഹമ്മദ് സലാഹുദ്ദീൻ മുൻ കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുളിനെതിരെ രംഗത്തെത്തി. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിൽ സേവനമനുഷ്ഠിച്ച നസ്രുൾ, സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ മണ്ണിൽ മത്സരങ്ങൾ കളിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നിരുന്നു.

ഗ്രൂപ്പ് സിയിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡ് ഇടംപിടിച്ചതോടെ, ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ബംഗ്ലാദേശിന് ടൂർണമെന്റ് നഷ്ടമായി. ഫെബ്രുവരി 23ന് ആരംഭിക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടത്തിയ  വാർത്താസമ്മേളനത്തിൽ സംസാരിക്കവേയാണ് യുവതാരങ്ങളുടെ സ്വപ്നങ്ങൾ തകർത്തതിന് സലാഹുദ്ദീൻ നസ്റുലിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്.

‘നോക്കൂ, ഒരു യുവ കളിക്കാരൻ ലോകകപ്പ് കളിക്കാൻ പോകുമ്പോൾ, അവൻ തന്റെ 27 വർഷങ്ങളായുള്ള സ്വപ്നം, ഇവിടെ കൊണ്ടുവരുന്നു. നിങ്ങൾ ആ സ്വപ്നം ഒരു സെക്കൻഡിൽ നശിപ്പിക്കുന്നു. ശരി, ദേശീയ കാരണങ്ങളാൽ ഒരു രാജ്യം എടുക്കുന്ന തീരുമാനമാണെങ്കിൽ, അവർ രാജ്യത്തിനായി ത്യാഗം ചെയ്യും. പക്ഷേ നിങ്ങൾ നഷ്ടത്തെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ഞാൻ വ്യക്തിപരമായ നഷ്ടത്തെ കുറിച്ച് മാത്രമേ സംസാരിക്കൂ,’ സലാഹുദ്ദീൻ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാത്രങ്ങൾ കഴുകിപ്പിച്ചത് വെളിപ്പെടുത്തി; പാക് ഹോക്കി ടീം ക്യാപ്റ്റന്റെ വിലക്ക് നീക്കി

തന്റെ രണ്ടു കളിക്കാർ അഞ്ചു ദിവസത്തോളം മാനസികമായി ഒരു തരം കോമയിലായിരുന്നുവെന്നും അവരെ തിരികെ കളിക്കളത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അദ്ദേഹം പറഞ്ഞത് പച്ചക്കള്ളം’

നസ്റുൽ വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ചെന്നും നേരത്തെ പറഞ്ഞ കാര്യങ്ങളിൽ നിന്ന് മലക്കം മറിഞ്ഞതായും സലാഹുദ്ദീൻ ആരോപിച്ചു. ഇന്ത്യയിൽ കളിക്കുന്നില്ലെന്നത് ബംഗ്ലാദേശ് സർക്കാരിന്റെ തീരുമാനമാണെന്നാണ് നസ്റുൽ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട്,  ദേശീയ അന്തസ്സ് സംരക്ഷിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും കളിക്കാരും എടുത്ത കൂട്ടായ തീരുമാനമാണിതെന്ന് തിരുത്തി പറയുകയായിരുന്നു. 

‘അദ്ദേഹം ധാക്ക സർവകലാശാലയിലെ ഒരു അധ്യാപകനാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ഒരാൾ ഇത്തരം നുണകൾ പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. അദ്ദേഹം നേരത്തെ ഒരു കാര്യം പറയുകയും പിന്നീട് അതിൽ നിന്ന് പിൻമാറുകയും ചെയ്തു,’ സലാഹുദ്ദീൻ കൂട്ടിച്ചേർത്തു.

എന്തുകൊണ്ടാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്കരിച്ചത്?

സുരക്ഷാ ആശങ്കകളും ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളുമാണ് ബഹിഷ്കരണത്തിന് പ്രധാന കാരണം. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയതും ബി.സി.സി.ഐയുടെ ഇടപെടലുകളും പ്രതിസന്ധക്ക്  ആക്കം കൂട്ടി.