ബ്രിക്സ് രാജ്യങ്ങൾക്കായി ഒരു പൊതു കറൻസി രൂപീകരിക്കാൻ നീക്കമില്ലെന്ന് വ്യക്തമാക്കി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡ സിൽവ. മാസങ്ങളായി നിലനിൽക്കുന്ന ഊഹാപോങ്ങളെ തള്ളിക്കൊണ്ടാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, ബ്രിക്സ് കറൻസി എന്ന ആശയം അംഗരാജ്യങ്ങൾക്കിടയിൽ ചർച്ചയിലേ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബ്രിക്സ് കറൻസി രൂപീകരിക്കുന്നതിനായുള്ള യാതൊരു നിർദ്ദേശവുമില്ല. പുതിയൊരു കറൻസി വേണമോ എന്നതിനെ കുറിച്ച് ബ്രിക്സിനുള്ളിൽ തർക്കങ്ങളോ ചർച്ചകളോ നടക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചർച്ചകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരൊറ്റ ബ്രിക്സ് കറൻസി എന്ന ആശയം നിരസിച്ച ലുല, ഇന്ത്യയ്ക്കും ബ്രസീലിനും ഇടയിൽ പ്രാദേശിക കറൻസികളുടെ ഉപയോഗത്തെ ശക്തമായി പിന്തുണച്ചു. ഓരോ വ്യാപാര കരാറും യുഎസ് ഡോളറിനെ ആശ്രയിക്കണമോ എന്ന് ഇരു രാജ്യങ്ങളും ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയും ബ്രസീലും തമ്മിലുള്ള ഒരു വ്യാപാര കരാർ യുഎസ് ഡോളർ ഉപയോഗിച്ച് നടത്തേണ്ടതില്ല. നമുക്ക് നമ്മുടെ സ്വന്തം കറൻസികൾ ഉപയോഗിക്കാം. അത് ബുദ്ധിമുട്ടാണ്, പക്ഷേ നമുക്ക് ശ്രമിക്കാം,’ ബ്രസീൽ പ്രസിഡന്റ് പറഞ്ഞു.
ഇന്ത്യൻ രൂപയും ബ്രസീലിയൻ റിയലും ഉപയോഗിച്ച് നേരിട്ട് വ്യാപാരം നടത്താൻ കഴിയുമോ എന്ന് ഇരുരാജ്യങ്ങളും പരിശോധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ, ആഗോള സാമ്പത്തിക വ്യവസ്ഥ ഒറ്റരാത്രി കൊണ്ട് മാറ്റാൻ കഴിയുന്നതല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഡോളർ ചർച്ച എന്തുകൊണ്ട് പ്രധാനം?
ഡോളറിന്റെ ആധിപത്യത്തെ ദുർബലപ്പെടുത്തുന്ന ഏതൊരു നീക്കത്തെയും അമേരിക്ക സ്വാഭാവികമായും ചെറുക്കുമെന്ന് ലുല സമ്മതിച്ചു. ഡോളർ ലോകത്തിലെ ഏറ്റവും ശക്തമായ കറൻസിയാണ്, മറ്റ് കറൻസികൾ ഉയരാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല. നമ്മൾ അത് കണക്കിലെടുക്കണം. എന്നാൽ പ്രാദേശിക കറൻസി വ്യാപാരത്തെ കുറിച്ചുള്ള ചർച്ചകൾ ഡോളറിനെതിരെയല്ലെന്നും പകരം, അവ രാജ്യങ്ങൾക്ക് ഉഭയകക്ഷി വാണിജ്യത്തിൽ കൂടുതൽ ഓപ്ഷനുകൾ നൽകുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്ലോബൽ സൗത്തിന്റെ വേദിയായി ബ്രിക്സ്
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ രൂപീകൃതമായ ഏറ്റവും പ്രധാനപ്പെട്ട ആഗോള കൂട്ടായ്മകളിലൊന്നാണ് ബ്രിക്സ് എന്ന് ലൂല വിശേഷിപ്പിച്ചു. ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് ഗ്ലോബൽ സൗത്തിന്റെ ശബ്ദമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും ചൈനയിലുമായി ലോകജനസംഖ്യയുടെ പകുതിയോളം വരും. മനുഷ്യരാശിയുടെ പകുതിയിലധികം പേർ ബ്രിക്സ് രാജ്യങ്ങളിലാണ്. ലോകം വൻശക്തികളുടെ ചേരികളായി തിരിയുന്നത് ബ്രസീൽ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



