അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടങ്ങൾ ആരംഭിക്കാനിരിക്കെ, ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് മലയാളി താരം സഞ്ജു സാംസൺ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന സൂപ്പര്‍ 8 പോരാട്ടത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിൽ സഞ്ജുവിന് പ്രത്യേക പരിഗണനയാണ് ലഭിച്ചത്.
വെള്ളിയാഴ്ച അഹമ്മദാബാദിൽ നടന്ന ഇന്ത്യയുടെ ആദ്യ പരിശീലന സെഷനിൽ സഞ്ജു സാംസൺ ഏറെ നേരം നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തി. വിവിധ ബൗളിംഗ് കോമ്പിനേഷനുകളെയും മാച്ച് സിമുലേഷൻ പരിശീലനവും നേരിട്ട സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം സെലക്ടർമാരുടെയും പരിശീലകരുടെയും സസൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. സാധാരണ ബാക്കപ്പ് താരങ്ങൾക്ക് ലഭിക്കാറുള്ളതിനേക്കാൾ കൂടുതൽ സമയം നെറ്റ്സിൽ സഞ്ജുവിന് ലഭിച്ചത് താരം പ്ലെയിങ് ഇലവനിലേക്ക് എത്താനുള്ള ശക്തമായ സൂചനയായി വിലയിരുത്തപ്പെടുന്നു.
നമീബിയക്കെതിരായ മത്സരത്തിൽ അസുഖബാധിതനായ അഭിഷേക് ശർമ്മയ്ക്ക് പകരക്കാരനായി ഇറങ്ങിയതൊഴിച്ചാൽ ഈ ലോകകപ്പിൽ സഞ്ജുവിന് ഇതുവരെ അവസരം ലഭിച്ചിട്ടല്ല. അഭിഷേക് ശർമ്മ സുഖം പ്രാപിച്ചതോടെ സഞ്ജു വീണ്ടും പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തായി.
സഞ്ജു ടീമിലെത്തിയാൽ ആര് പുറത്തുപോകും എന്നതാണ് ടീം മാനേജ്മെന്റിനെ കുഴയ്ക്കുന്ന ചോദ്യം. ലോകകപ്പിൽ ഇതുവരെ മൂന്ന് ഡക്കുകൾ വഴങ്ങിയെങ്കിലും ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേകിനെ ടീം കൈവിടാൻ സാധ്യത കുറവാണ്. പരിക്കിൽ നിന്ന് മോചിതനായി എത്തിയ തിലക് വർമ്മ ഇതുവരെ താളം കണ്ടെത്താൻ കഷ്ടപ്പെടുകയാണ്. പ്രത്യേകിച്ച് സ്പിന്നർമാർക്കെതിരെ തിലക് വിയർക്കുന്നത് സഞ്ജുവിന് വഴിതുറന്നേക്കാം. മൂന്നാം നമ്പറിലിറങ്ങുന്ന തിലകിന്റെ മോശം സ്ട്രൈക്ക് റേറ്റും ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവിനുള്ള മികച്ച റെക്കോര്‍ഡും മലയാളി താരത്തിന് പ്ലേയിങ് ഇലവനിലേക്ക് വഴിതുറന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. റിങ്കു സിംഗിന് പകരം സഞ്ജുവിനെ കളിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്.
2025-ലെ ഏഷ്യാ കപ്പ് ഫൈനലിൽ തിലക് വർമ്മ നടത്തിയ മികച്ച പ്രകടനം മാനേജ്മന്റ് കണക്കിലെടുക്കുന്നുണ്ടെങ്കിലും, നിലവിലെ ഫോമിൽ സഞ്ജുവിനെ ഉൾപ്പെടുത്താനാണ് സമ്മർദ്ദമേറുന്നത്. തിലക് വർമ്മയ്ക്ക് പകരമായി സഞ്ജുവിനെ ടീമിലെത്തിക്കുന്നതാണ് എളുപ്പവഴിയായി ക്രിക്കറ്റ് നിരീക്ഷകർ കാണുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ അമേരിക്കക്കെതിരെ 16 പന്തില്‍ 25, നമീബിയക്കെതിരെ 21 പന്തില്‍ 25, പാകിസ്ഥാനെതിരെ 24 പന്തില്‍ 25, നെതര്‍ലന്‍ഡ്സിനെതിരെ 27 പന്തില്‍ 31 എന്നിങ്ങനെയായിരുന്നു തിലകിന്റെ ബാറ്റിംഗ്. എങ്കിലും, ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയ ടീമിൽ മാറ്റങ്ങൾ വരുത്താതെ ദക്ഷിണാഫ്രിക്കയെ നേരിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പ്ലേയിങ് ഇലവനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഞായറാഴ്ച ടോസ് വേളയിൽ മാത്രമേ വ്യക്തമാകു.



