ഓൺലൈൻ ഷോപ്പിംഗ് ഭീമനായ ആമസോണിൽ ലാപ്‌ടോപ്പ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് മാർബിൾ കഷണവും പഴന്തുണിയും. കാനഡയിൽനിന്ന് അടുത്തിടെ നാട്ടിലെത്തിയ പൈക വട്ടന്താനം കരുനാട്ട് ഡോൺ ടോമിനാണ് ഈ ദുരനുഭവം ഉണ്ടായത്. 56,000 രൂപ മുൻകൂറായി നൽകി ഓർഡർ ചെയ്ത പാഴ്സൽ തുറന്നപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം ഡോൺ തിരിച്ചറിഞ്ഞത്.

വർക്ക് ഫ്രം ഹോം ആവശ്യങ്ങൾക്കായി ഈ മാസം 12-നാണ് ലെനോവ തിങ്ക്പാഡ് ഇ-14 എന്ന പ്രൊഫഷണൽ ലാപ്‌ടോപ്പ് ഡോൺ ആമസോണിൽ ഓർഡർ ചെയ്തത്. ഫോൺ പേ വഴി തുകയും കൈമാറി. തുടർന്ന് 18-ന് പാഴ്സൽ വീട്ടിലെത്തി. ഡെലിവറി ഏജന്റിന് ഒടിപി (OTP) നൽകി ഇടപാടുകൾ പൂർത്തിയാക്കി അദ്ദേഹം മടങ്ങിയ ശേഷമാണ് ഡോൺ പാഴ്സൽ തുറന്നത്. എന്നാൽ, ബോക്സിനുള്ളിൽ ലാപ്‌ടോപ്പിന് പകരം ഭാരം വർദ്ധിപ്പിക്കാനായി വെച്ച മാർബിൾ കഷണവും പഴയ തുണിയുമാണ് ഉണ്ടായിരുന്നത്.

തട്ടിപ്പിനിരയായ വിവരം ആമസോൺ അധികൃതരെ അറിയിച്ചെങ്കിലും അന്വേഷണം നടത്തി 23-ാം തീയതിക്ക് ശേഷം മാത്രമേ മറുപടി നൽകൂ എന്ന നിലപാടിലാണ് കമ്പനി. ഗോപാൽ ഐ.ടി സർവീസ് എന്ന കമ്പനിയാണ് പാഴ്സൽ അയച്ചതെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ റിവ്യൂകൾ പരിശോധിച്ചപ്പോൾ സമാനമായ രീതിയിൽ മറ്റൊരാളും  ലാപ്‌ടോപ്പിന് പകരം കബളിപ്പിക്കപ്പെട്ടതായി കണ്ടെത്തിയെന്ന് ഡോൺ പറഞ്ഞു. നിലവിൽ ഡോൺ ടോം പൊൻകുന്നം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.