അനാശാസ്യ കേന്ദ്രങ്ങളിലെ ഇടപാടുകാരെ അനാശാസ്യ നിരോധന നിയമപ്രകാരം കുറ്റക്കാരായി കാണാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. എറണാകുളം കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത പെൺവാണിഭ കേസിലെ നാലാം പ്രതി വിഷ്ണു പി.വി.ക്ക് എതിരെയുള്ള തുടർനടപടികൾ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി ഉണ്ടായിരിക്കുന്നത്. കോട്ടയം വാഴപ്പള്ളി സ്വദേശിയായ വിഷ്ണുവിനെതിരെയുള്ള എഫ്.ഐ.ആർ ജസ്റ്റിസ് സി പ്രദീപ് കുമാർ അനുവദിച്ച ഉത്തരവിലൂടെ ഇല്ലാതായി.

അനാശാസ്യ നിരോധന നിയമത്തിലെ (Immoral Traffic (Prevention) Act, 1956) സെക്ഷൻ 3, 5, 7 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ, ഒരു അനാശാസ്യ കേന്ദ്രം നടത്തുകയോ, അനാശാസ്യത്തിനായി പെൺകുട്ടികളെ കൊണ്ടുവരികയോ, പൊതുസ്ഥലത്തിന് സമീപം അനാശാസ്യം നടത്തുകയോ ചെയ്യുന്നവർക്കെതിരെ മാത്രമേ ഈ വകുപ്പുകൾ നിലനിൽക്കൂ എന്ന് കോടതി നിരീക്ഷിച്ചു.

അനാശാസ്യ കേന്ദ്രത്തിൽ ഇടപാടുകാരനായി എത്തുന്ന ഒരാളെ ഇമ്മോറൽ ട്രാഫിക് നിയമപ്രകാരം കുറ്റക്കാരനാക്കാൻ കഴിയില്ലെന്ന് മുൻകാല വിധികൾ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. പ്രതിക്ക് വേണ്ടി പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജോണി ജോർജ് പാംപ്ലാനിയും സംഘവും ഹാജരായി. ഇടപാടുകാരൻ എന്ന നിലയിൽ വിഷ്ണു ഈ കേസിൽ പ്രതിപട്ടികയിൽ തുടരുന്നത് നിയമപരമല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ഗാന്ധി നഗറിലെ ഒരു വാടകവീട്ടിൽ കടവന്ത്ര പോലീസ് നടത്തിയ റെയ്ഡിലാണ് ഈ പെൺവാണിഭ റാക്കറ്റ് പിടിയിലായത്. മണ്ണാർക്കാട് സ്വദേശി അക്ബർ അലിയും സുഹൃത്തുക്കളും ചേർന്ന് പ്രണയം നടിച്ച് വശത്താക്കിയും ലഹരി നൽകിയും ഉത്തരേന്ത്യൻ യുവതികളെ ഉൾപ്പെടെ അനാശാസ്യത്തിന് ഉപയോഗിച്ചിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട്.

ഇടപാടുകൾ ഓൺലൈൻ മുഖേനയായിരുന്നു നടത്തിയിരുന്നത്. വാട്സാപ്പിലൂടെ ചിത്രങ്ങൾ അയച്ചു നൽകി ഇടപാടുകാരെ കണ്ടെത്തുകയും അവരെ ഈ കേന്ദ്രത്തിലേക്ക് എത്തിക്കുകയുമായിരുന്നു അക്ബർ അലിയുടെ രീതി. റെയ്ഡ് സമയത്ത് ഈ കേന്ദ്രത്തിലുണ്ടായിരുന്ന വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്ത് നാലാം പ്രതിയാക്കുകയായിരുന്നു. എന്നാൽ, കേന്ദ്രത്തിന്റെ നടത്തിപ്പിലോ പെൺകുട്ടികളെ എത്തിക്കുന്നതിലോ വിഷ്ണുവിന് പങ്കില്ലെന്ന് കോടതി കണ്ടെത്തി.

അക്ബർ അലിയുടെ നേതൃത്വത്തിൽ നടന്ന വലിയൊരു റാക്കറ്റാണ് കടവന്ത്ര പോലീസിന്റെ റെയ്ഡിൽ തകർക്കപ്പെട്ടത്. ലഹരി ഇടപാടുകളും പെൺകുട്ടികളെ വലയിലാക്കുന്ന രീതിയും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെങ്കിലും, ഇടപാടുകാരനായി എത്തിയ വ്യക്തിക്കെതിരെ അനാശാസ്യ നിരോധന നിയമത്തിലെ പ്രധാന വകുപ്പുകൾ പ്രകാരം കേസ് തുടരുന്നതിൽ കാര്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.