ബ്രിട്ടീഷ് രാജാവ് ചാർൾസ് മൂന്നാമന്റെ സഹോദരൻ ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്സറെ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു. അന്തരിച്ച ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന് ഔദ്യോഗിക രഹസ്യരേഖകൾ കൈമാറി എന്ന ആരോപണത്തിൽ വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
തന്റെ 66-ാം ജന്മദിനത്തിലാണ് ആൻഡ്രൂവിനെ തേംസ് വാലി പോലീസ് ചോദ്യം ചെയ്തത്. നിലവിൽ ഇദ്ദേഹത്തെ വിട്ടയച്ചുവെങ്കിലും അന്വേഷണം തുടരുമെന്നും കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
പൊതുപദവി ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിനാണ് ആൻഡ്രൂവിനെതിരെ അന്വേഷണം നടക്കുന്നത്. നോർഫോക്കിലെ ഇദ്ദേഹത്തിന്റെ വസതിയിൽ പോലീസ് തിരച്ചിൽ നടത്തിയിരുന്നു. ബ്രിട്ടീഷ് നിയമപ്രകാരം പ്രതിയുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്സറാണ് പിടിയിലായതെന്ന് വ്യക്തമായിട്ടുണ്ട്.



