“ഞാൻ കെണിയിലകപ്പെട്ടു. എൻ്റെ കൈവശം പണമോ വാഹനമോ ഉണ്ടായിരുന്നില്ല. ആരോടെങ്കിലും പറഞ്ഞാൽ ശാരീരികമായി ഉപദ്രവിക്കുമെന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു.” പതിറ്റാണ്ടുകളോളം തന്നെ നിശബ്ദയാക്കിയ ആ കറുത്ത അധ്യായത്തെക്കുറിച്ച് അതിജീവിതയായ റീന ഓ പങ്കുവെച്ച വാക്കുകളാണിവ. 1990-കളിൽ ഒരു ആർട്ട് വിദ്യാർത്ഥിയായിരിക്കെയാണ് ജെഫ്രി എപ്സ്റ്റീൻ എന്ന ശതകോടീശ്വരൻ്റെ വലയിൽ താൻ കുടുങ്ങിയതെന്ന് നാൽപ്പതുകളിൽ എത്തിയ റീന ഓർക്കുന്നു.

ബിരുദ പഠനത്തിനായി സ്കോളർഷിപ്പ് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് എപ്സ്റ്റീൻ റീനയെ സമീപിച്ചത്. യാതൊരു നിബന്ധനകളും ഇല്ലെന്നും തന്നെ വീണ്ടും കാണേണ്ടതില്ലെന്നും അയാൾ ആദ്യം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഓരോ കാര്യങ്ങൾ പറഞ്ഞ് തന്നെ കാണാൻ അയാൾ നിർബന്ധിച്ചുവെന്നും വഴങ്ങാതിരുന്നപ്പോൾ സ്കോളർഷിപ്പ് പിൻവലിച്ചുവെന്നും അവർ വെളിപ്പെടുത്തി.