മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ശക്തമാകുന്നതിനിടെ ഡയസ്നോൺ നിർബന്ധമാക്കി ആരോഗ്യവകുപ്പ്. സമരം ചെയ്യുന്നവരുടെ പട്ടിക നൽകാൻ വകുപ്പ് നിർദേശം നൽകിയിരിക്കുകയാണ്. ഇന്ന് തന്നെ പട്ടിക കൈമാറണമെന്നാണ് നിർദേശം. സമരം നാലാം ദിവസം കടന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലാണ്. അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരത്തിനൊപ്പം ഇന്ന് മുതൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവച്ച് സമരത്തിലാണ്
ഇതോടെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകൾ മാറ്റിവച്ചു തുടങ്ങി. അടിയന്തര ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, പോസ്റ്റ്‌മോർട്ടം എന്നിവയെ പ്രതിഷേധപരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ശമ്പളകുടിശ്ശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഇന്ന് കെജിഎംസിടിഎ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണയും സംഘടിപ്പിച്ചു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന കടുത്ത നിലപാടിലാണ് സംഘടന. ഒപി ബഹിഷ്കരണ സമരം ഇന്ന് നാലാം ദിനമാണ്. സീനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി പിജി വിദ്യാർഥികളും നാളെ പണിമുടക്കും. ഇതോടെ ഒപി സേവനങ്ങൾ പൂർണമായും തടസ്സപ്പെടും.



