‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം റിലീസ് ചെയ്യാൻ പോകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സംസ്ഥാനത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കാനും മതേതര പാരമ്പര്യത്തെ തകർക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണ് ഇതിന്റെ ആദ്യ ഭാഗം നിർമ്മിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

സമൂഹത്തിൽ ഭിന്നിപ്പും വിദ്വേഷവും പ്രചരിപ്പിക്കാൻ നിർമ്മിച്ച ഇത്തരം ‘വിഷലിപ്തമായ സൃഷ്ടികൾ’ എങ്ങനെ പ്രദർശിപ്പിക്കാൻ അനുവദിക്കുന്നുവെന്ന് മുഖ്യമന്ത്രി ചോദ്യം ചെയ്തു. അതേസമയം, ‘ബീഫ്’ പോലുള്ള സിനിമകളെ ചലച്ചിത്രമേളകളിൽ നിന്ന് തടയുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ദി കേരള സ്റ്റോറി2’ അവതരിപ്പിക്കുന്ന തെറ്റായ ആഖ്യാനം സംഘപരിവാർ കേന്ദ്രങ്ങൾ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.