തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്നു. മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​സി​ടി​എ ന​ട​ത്തു​ന്ന ഒ​പി ബ​ഹി​ഷ്ക​ര​ണം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

ഇ​ന്ന് മു​ത​ൽ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ളും ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ്ര​ഖ്യാ​പി​ച്ചു. സെക്രട്ടറിയേറ്റ് പടിക്കൽ കെ​ജി​എം​സി​ടി​എ ഇന്ന് സമരമിരിക്കും. പിജി മെഡിക്കൽ വിദ്യാർഥികളും നാളെ സമരത്തിന്‍റെ ഭാഗമാകും. 

ശ​മ്പ​ള കു​ടി​ശി​ക തീ​ർ​പ്പാ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. സ​മ​രം അ​നാ​വ​ശ്യ​മാ​ണെ​ന്ന ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ പ്ര​സ്താ​വ​ന ഡോ​ക്ട​ർ​മാ​രെ ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഡോ​ക്ട​ർ​മാ​ർ ജോ​ലി നി​ർ​ത്തി​വെ​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, അ​ല​വ​ൻ​സു​ക​ൾ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഇ​വ​ർ മു​ന്നോ​ട്ട് വെ​ക്കു​ന്നു.

സീ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ ഒ​പി​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ന്മാ​രു​മാ​ണ് നി​ല​വി​ൽ ഒ​പി കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഇ​ന്ന് മു​ത​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ കൂ​ടി ബ​ഹി​ഷ്ക​രി​ക്കു​ന്ന​തോ​ടെ ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​വ​ർ വെ​ട്ടി​ലാ​യി. പു​തി​യ രോ​ഗി​ക​ൾ​ക്ക് ശ​സ്ത്ര​ക്രി​യ​ക്കാ​യി തീ​യ​തി ന​ൽ​കു​ന്ന​തും നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം അ​ത്യാ​ഹി​ത വി​ഭാ​ഗം, ലേ​ബ​ർ റൂം, ​ഐ​സി​യു, അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ, ക്യാ​ൻ​സ​ർ ചി​കി​ത്സ എ​ന്നി​വ​യെ സ​മ​ര​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ സ​മ​രം ഇ​നി​യും ക​ടു​പ്പി​ക്കാ​നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ തീ​രു​മാ​നം.