വിമാനയാത്രയ്ക്കിടെ അച്ചടക്കരഹിതമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ (DGCA) പുതിയ ഭേദഗതികൾ നിർദ്ദേശിച്ചു. വിമാനത്തിനുള്ളിൽ മോശമായി പെരുമാറുന്നവർക്ക് 30 ദിവസം വരെ നേരിട്ട് യാത്രാവിലക്ക് ഏർപ്പെടുത്താൻ എയർലൈനുകൾക്ക് അധികാരം നൽകുന്നതാണ് പുതിയ ശുപാർശ.
വിമാനത്തിന്റെയും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ‘സീറോ ടോളറൻസ് പോളിസി’ (Zero Tolerance Policy) നടപ്പിലാക്കാനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ലക്ഷ്യമിടുന്നത്.
പുതിയ നിയമങ്ങൾ പ്രകാരം അച്ചടക്കമില്ലാത്ത യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനും ഇത്തരം സംഭവങ്ങൾ ഡിജിസിഎയെ അറിയിക്കുന്നതിനും ഓരോ എയർലൈനും കൃത്യമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) രൂപീകരിക്കണം. യാത്രക്കാരുടെ പെരുമാറ്റദൂഷ്യത്തെക്കുറിച്ച് പഠിക്കാനും യാത്രാവിലക്ക് സംബന്ധിച്ച് തീരുമാനമെടുക്കാനും മറ്റൊരു എയർലൈനിലെ പ്രതിനിധി ഉൾപ്പെടെയുള്ളവർ അടങ്ങുന്ന ഒരു സ്വതന്ത്ര സമിതിയെ നിയോഗിക്കും.



