വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ഫെബ്രുവരി 17-ന് റോമിലെ ബംബിനോ ജെസു ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പുതിയ ഡയാലിസിസ് യൂണിറ്റ് ആശീർവദിച്ചു. “അവയവദാനം മരണമെന്ന അതിർത്തിയെയും മറികടക്കുന്ന സ്നേഹത്തിന്റെ പ്രവൃത്തിയാണ്” എന്ന് അദ്ദേഹം പറഞ്ഞു. “ദാനത്തിന്റെ സംസ്കാരം” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന യോഗത്തിൽ , ലാഭം മാത്രം കണക്കാക്കുന്ന ഒരു കാലഘട്ടത്തിൽ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കാര്യങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാനാകില്ല; അവ സ്വീകരിക്കുകയും പങ്കിടുകയും ചെയ്യേണ്ടതാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

1985-ൽ കുട്ടികളായരോഗികൾക്കുള്ള ആദ്യ ഡയാലിസിസ് ചികിത്സകൾ നടത്തിയ ഈ ‘പാപ്പയുടെ ആശുപത്രി’യുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സ്വകാര്യ ധനസഹായകർക്ക് കർദിനാൾ നന്ദിപറഞ്ഞു. സുവിശേഷത്തിലെ ദരിദ്രവിധവയുടെ ചെറിയ നാണയദാനത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ദാനത്തിന്റെ മൂല്യം അളവിൽ അല്ല, മനസ്സിലാണ് എന്നും അദ്ദേഹം പറഞ്ഞു.

പുതിയ യൂണിറ്റ് ആശീർവദിച്ച ശേഷം, ഏറ്റവും വലിയ വേദനയുടെ നിമിഷങ്ങളിലും മറ്റൊരാൾക്ക് ജീവൻ നൽകുന്ന ധൈര്യമാണ് അവയവദാനം എന്ന് ചൂണ്ടിക്കാട്ടിയ കർദിനാൾ ദുർബലരെ സംരക്ഷിക്കുന്ന ശേഷിയിലാണ് ഒരു സംസ്കാരത്തിന്റെ മഹത്വം അളക്കപ്പെടുന്നതെന്ന് വ്യക്തമാക്കി.