യുദ്ധങ്ങൾ മനുഷ്യജീവനും പൊതുജനാരോഗ്യത്തിനും നേരെയുള്ള ഏറ്റവും വലിയ കടന്നാക്രമണമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. വത്തിക്കാനിൽ നടന്ന പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാപ്പ. സമാധാനവും ആരോഗ്യവും നിലനിർത്താൻ ലോകരാഷ്ട്രങ്ങൾ കൂടുതൽ പരിശ്രമിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

എല്ലാവർക്കും ആരോഗ്യം എന്നത് വെറും വാക്കുകളിൽ ഒതുങ്ങരുത്. വരുമാനം, വിദ്യാഭ്യാസം, ജീവിക്കുന്ന സാഹചര്യം എന്നിവ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നും ദരിദ്രർക്കും സമ്പന്നർക്കും ഇടയിലുള്ള ആരോഗ്യ വിടവ് നികത്തണമെന്നും പാപ്പ ആവശ്യപ്പെട്ടു. “​മനുഷ്യരുടെ ആരോഗ്യവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം തിരിച്ചറിയണം. സകല ജീവജാലങ്ങളുടെയും സഹവർത്തിത്വത്തിലൂടെ മാത്രമേ ശാശ്വതമായ ആരോഗ്യം സാധ്യമാകൂ. ​പൊതുനന്മ ലക്ഷ്യം വച്ചുകൊണ്ടുള്ള നയരൂപീകരണത്തിലൂടെ മാത്രമേ വിശ്വസനീയമായ ആരോഗ്യസംവിധാനങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കൂ” മാർപാപ്പ ഓർമ്മിപ്പിച്ചു.