ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള നയതന്ത്ര ചർച്ചകൾ ജനീവയിൽ പുരോഗമിക്കവെ, പശ്ചിമേഷ്യയിൽ കനത്ത സൈനിക വിന്യാസവുമായി അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50-ലധികം അത്യാധുനിക യുദ്ധവിമാനങ്ങളെ അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് അയച്ചതായാണ് റിപ്പോർട്ടുകൾ.

മേഖലയിലെ അമേരിക്കയുടെ വ്യോമ-നാവിക സാന്നിധ്യം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്സിയോസ് ആണ് വിമാനങ്ങളുടെ നീക്കം സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.

അത്യാധുനിക എഫ്-22 (F-22), എഫ്-35 (F-35), എഫ്-16 (F-16) യുദ്ധവിമാനങ്ങളാണ് മേഖലയിലേക്ക് തിരിച്ചിരിക്കുന്നത്. ഇതിനുപുറമെ ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാവുന്ന നിരവധി ടാങ്കർ വിമാനങ്ങളും ഇവയ്ക്കൊപ്പമുണ്ട്. ഏത് നിമിഷവും സജ്ജമായിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വൻ വിന്യാസം. ജനീവയിൽ അമേരിക്കയും ഇറാനും തമ്മിൽ രണ്ടാം വട്ട ആണവ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഇത്തരമൊരു സൈനിക നീക്കമെന്നത് ശ്രദ്ധേയമാണ്.