പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താവിനിമയ വിഭാഗമായ വത്തിക്കാൻ പ്രസ്സ് ഓഫീസിന്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ക്രൊയേഷ്യൻ സന്യാസിനിയായ സിസ്റ്റർ നീന ബെനഡിക്ത ക്രാപ്പിക്കിനെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. നിലവിൽ വത്തിക്കാൻ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു സി. നീന. ക്രിസ്റ്റ്യൻ മുറെ സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് പുതിയ നിയമനം.
1989 ൽ ക്രൊയേഷ്യയിലെ റിജേക്കയിൽ ജനിച്ച സി. നീന, നിയമബിരുദധാരിയും പബ്ലിക് റിലേഷൻസ് വിഷയത്തിൽ സ്പെഷ്യലൈസേഷൻ നേടിയ വ്യക്തിയുമാണ്. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ സന്യാസിനീ സമൂഹത്തിലെ അംഗമായ അവർ, മാധ്യമപ്രവർത്തനത്തിലും നിയമസഹായരംഗത്തും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. അക്രമങ്ങൾക്കിരകളായ സ്ത്രീകൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും നിയമോപദേശം നൽകുന്നതിലും അവർ മുൻകൈയെടുത്തിരുന്നു.
വത്തിക്കാൻ മീഡിയയിൽ എത്തുന്നതിനു മുൻപ് ക്രൊയേഷ്യയിലെ കാരിത്താസിന്റെ കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയായും റേഡിയോ ജേർണലിസ്റ്റായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ സോഷ്യൽ സയൻസിൽ ഡോക്ടറേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. മാർച്ച് ഒന്നിന് സിസ്റ്റർ പുതിയ ചുമതലയേൽക്കും.
സ്ഥാനമൊഴിയുന്ന ക്രിസ്റ്റ്യൻ മുറെയുടെ പ്രൊഫഷണലിസത്തെയും അർപ്പണബോധത്തെയും വത്തിക്കാൻ കമ്മ്യൂണിക്കേഷൻ വിഭാഗം തലവൻ പൗളോ റഫിനി പ്രശംസിച്ചു. പുതിയതായി ചുമതലയേൽക്കുന്ന സി. നീനയുടെ മാനുഷികവും തൊഴിൽപരവുമായ മികവ് വത്തിക്കാൻ പ്രസ്സ് ഓഫീസിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.



