ഒരു ബിയർ കുപ്പി തുറക്കുമ്പോൾ അതിന്റെ മെറ്റൽ അടപ്പ് ശ്രദ്ധിച്ചിട്ടുണ്ടോ? തണുപ്പിച്ച ബിയർ തുറന്ന് കുടിക്കുമ്പോൾ ലിഡ്ജിനെക്കുറിച്ച് ചിന്തിക്കുന്നവർ ചുരുക്കമാണ്. ചെറിയ പല്ലുകൾ പോലെ ചുറ്റുമായി കാണുന്ന കട്ടുകൾ, ഇവയാണ് “റിഡ്ജുകൾ”. അതിൽ പലപ്പോഴും 21 റിഡ്ജുകളാണ് കാണപ്പെടുന്നത്. ഇതൊരു യാദൃശ്ചിക സംഖ്യയാണോ? അതിന് പിന്നിൽ ഒരു രസകരമായ ചരിത്രമുണ്ട്.
1892-ൽ അമേരിക്കൻ കണ്ടുപിടിത്തകാരനായ വില്യം പെയ്ന്റർ William Painter ആണ് “ക്രൗൺ കോർക്ക്” എന്ന അടപ്പ് രൂപകൽപ്പന ചെയ്തത്. പിന്നീട് അദ്ദേഹത്തിന്റെ കമ്പനി Crown Cork & Seal ഇത് വ്യാപകമായി നിർമ്മിച്ച് ലോകമെമ്പാടും പ്രചരിപ്പിച്ചു. ഗ്യാസ് അടങ്ങിയ പാനീയങ്ങൾ സുരക്ഷിതമായി അടയ്ക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു ഡിസൈൻ ആവശ്യമായിരുന്നു; അതിന്റെ ഫലമായാണ് ഇന്നത്തെ ക്രൗൺ ക്യാപ് രൂപം വന്നത്.
അടപ്പിലെ 21 റിഡ്ജുകൾ യാദൃശ്ചികമല്ല. കുപ്പിയുടെ വായിൽ ഒരേ പോലെ സമ്മർദ്ദം വിതരണം ചെയ്യാനും കാർബണേഷൻ പുറത്തേക്ക് ചോർന്നുപോകാതിരിക്കാനും ഈ മടക്കങ്ങൾ സഹായിക്കുന്നു. പരീക്ഷണങ്ങളും മെക്കാനിക്കൽ കണക്കുകളും അടിസ്ഥാനമാക്കി 21 എന്ന എണ്ണം ഏറ്റവും ഫലപ്രദമാണെന്ന് കണ്ടെത്തിയതാണ്.



