ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരം സ്മൃതി മന്ദാനയ്ക്ക് മറ്റൊരു വലിയ അംഗീകാരം കൂടി തേടിയെത്തി. 2025-ലെ ബിബിസി ഇന്ത്യൻ സ്‌പോർട്‌സ് വുമൺ ഓഫ് ദി ഇയർ (ISWOTY) പുരസ്കാരത്തിനാണ് സ്മൃതി അർഹയായത്.

ഇന്ത്യയുടെ ചരിത്രപരമായ ലോകകപ്പ് വിജയത്തിലും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ രണ്ടാം തവണയും ഡബ്ല്യുപിഎൽ കിരീടത്തിലേക്ക് നയിച്ചതിലും വഹിച്ച നിർണ്ണായക പങ്കാണ് താരത്തെ ഈ പുരസ്കാരത്തിന് അർഹയാക്കിയത്. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

2025-ലെ ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന സ്മൃതി, ടൂർണമെന്റിലുടനീളം 434 റൺസ് അടിച്ചുകൂട്ടി ഇന്ത്യയുടെ കിരീടധാരണത്തിൽ പ്രധാന പങ്കുവഹിച്ചു.