പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ ആരംഭിക്കാനിരിക്കെ, സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് (സിബിഎസ്ഇ) മുന്നറിയിപ്പ് നൽകി. ഇന്നാണ് സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ആരംഭിക്കുന്നത്.

ഇതിന് മുന്നോടിയായി ഫെബ്രുവരി 16-നാണ് ബോർഡ് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. പരീക്ഷാ സംബന്ധമായ തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും സിബിഎസ്ഇ വ്യക്തമാക്കി.

കഴിഞ്ഞ വർഷങ്ങളിൽ ചില വ്യക്തികൾ പരീക്ഷാ സമയത്ത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചിരുന്നതായി സിബിഎസ്ഇ ചൂണ്ടിക്കാട്ടി. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ചോദ്യപേപ്പറുകൾ ചോർന്നുവെന്ന തരത്തിലുള്ള അവകാശവാദങ്ങളാണ് പ്രധാനമായും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെടുന്നത്.