അസം കോൺഗ്രസിൽ തിങ്കളാഴ്ച അരങ്ങേറിയത് അങ്ങേയറ്റം നാടകീയ സംഭവങ്ങൾ. മുൻ അധ്യക്ഷൻ ഭൂപൻ കുമാർ ബോറ തിങ്കളാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് രാജി കത്ത് സമർപ്പിച്ചു, മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം അത് പിൻവലിച്ചു.
പാർട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും സംസ്ഥാന യൂണിറ്റിനുള്ളിൽ തനിക്ക് അർഹത നൽകുന്നില്ലെന്നും ബോറ ഖാർഗെയ്ക്ക് അയച്ച കത്തിൽ എഴുതിയതായി വാർത്താ ഏജൻസിയായ പിടിഐ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കോൺഗ്രസ് നേതാക്കളായ ഗൗരവ് ഗൊഗോയ്, ഭൻവർ ജിതേന്ദ്ര സിംഗ്, പ്രദ്യുത് ബൊർദോലോയ് എന്നിവരും റൈജോർ ഡോൾ മേധാവി അഖിൽ ഗൊഗോയിയും ചേർന്ന് ഗുവാഹത്തിയിലെ ഭൂപൻ ബോറയുടെ വസതി സന്ദർശിച്ച് ചർച്ചകൾ നടത്തി പാർട്ടിയിൽ തുടരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.



