ഉത്തർപ്രദേശിലെ ആഗ്രയിലുള്ള വ്യോമസേനാ താവളത്തിനുള്ളിൽ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (PIA) പേരും ലോഗോയുമുള്ള ബലൂൺ കണ്ടെത്തി. ഫെബ്രുവരി 12-ന് രാവിലെ ഒൻപത് മണിയോടെ വ്യോമസേനാ താവളത്തിലെ അതീവ സുരക്ഷാ മേഖലയായ ടെക്നിക്കൽ ഏരിയയിലാണ് വിമാനത്തിന്റെ ആകൃതിയിലുള്ള ബലൂൺ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് വിവിധ സുരക്ഷാ ഏജൻസികൾ സംയുക്ത അന്വേഷണം ആരംഭിച്ചു. പച്ചയും വെള്ളയും നിറത്തിലുള്ള ബലൂണിൽ ഉറുദു ഭാഷയിലുള്ള എഴുത്തുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
വ്യോമസേനാ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷാഗഞ്ച് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പോലീസ്, രഹസ്യാന്വേഷണ ഏജൻസികൾ, ഇന്ത്യൻ വ്യോമസേന എന്നിവർ സംയുക്തമായാണ് പരിശോധന നടത്തുന്നത്. അതീവ സുരക്ഷയുള്ള മേഖലയിലേക്ക് ബലൂൺ എങ്ങനെ എത്തി എന്നറിയാൻ സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പത്ത് മീറ്ററോളം നീളമുള്ള ചരട് ഘടിപ്പിച്ച നിലയിലായിരുന്നു വലിയ ബലൂൺ കണ്ടെത്തിയത്.



