പ്രശസ്ത ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവെയ്പ്പ് നടത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ നാല് പേർ കൂടി പിടിയിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ഹരിയാന എസ്ടിഎഫും മുംബൈ ക്രൈം ബ്രാഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മുഖ്യ ഷൂട്ടർ ദീപക് ശർമ്മ ബഹാദുർഗഡിൽ നിന്ന് പിടിയിലായത്. വെടിവെയ്പ്പ് നടത്തുന്നതിനായി ദീപക്കിന് 50,000 രൂപ അഡ്വാൻസ് നൽകിയിരുന്നതായും ബാക്കി തുക പിന്നീട് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും പോലീസ് വെളിപ്പെടുത്തി.

നേരത്തെ പൂനെയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമായി ഏഴ് പേരെ പോലീസ് പിടികൂടിയിരുന്നു. ഹരിയാന-രാജസ്ഥാൻ അതിർത്തിയിൽ നിന്നാണ് പുതിയ നാല് അറസ്റ്റുകൾ രേഖപ്പെടുത്തിയത്. വൻകിട സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള സംഘടിത നീക്കത്തിന്റെ ഭാഗമായാണ് ഈ ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ബാബ സിദ്ദിഖി വധക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പ്രവീൺ ലോങ്കറെയും ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.