ഞായറാഴ്ച നടന്ന ടി20 ലോകകപ്പ് പോരാട്ടത്തിൽ പാകിസ്താനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഈ ഉജ്ജ്വല വിജയം രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവ് പറഞ്ഞു.

നായകനെന്ന നിലയിൽ പാകിസ്താനെതിരെ സൂര്യകുമാർ യാദവ് നേടുന്ന തുടർച്ചയായ നാലാം വിജയമാണിത്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താന്റെ പരിചയസമ്പന്നരായ ബാറ്റർമാർ ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ തകരുകയായിരുന്നു.

ഈ വിജയം ഇന്ത്യയ്ക്കുള്ളതാണെന്ന് മത്സരത്തിന് ശേഷം സൂര്യകുമാർ യാദവ് പ്രതികരിച്ചു. ഞങ്ങൾ കളിക്കാൻ ആഗ്രഹിച്ച രീതിയിലുള്ള ക്രിക്കറ്റ് തന്നെയാണ് ഇന്നും പുറത്തെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ടോസ് സമയത്ത് പറഞ്ഞതുപോലെ ആദ്യം ബാറ്റ് ചെയ്യുക എന്നതായിരുന്നു ഈ പിച്ചിൽ മികച്ച ഓപ്ഷൻ. ഇഷാൻ കിഷൻ കഴിഞ്ഞ കുറച്ച് മത്സരങ്ങളിലും ആഭ്യന്തര ക്രിക്കറ്റിലും കളിച്ച അതേ ആത്മവിശ്വാസത്തോടെ ഇന്നും ബാറ്റ് ചെയ്തുവെന്നും ടീമിനെ മുന്നോട്ട് നയിച്ചുവെന്നും സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.