ഫെബ്രുവരി 15 ഞായറാഴ്ച നടന്ന ടി20 ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ദയനീയ പ്രകടനം കാഴ്ചവെച്ച പാകിസ്താൻ പേസർ ഷഹീൻ ഷാ അഫ്രീദിക്ക് നേരെ സമൂഹമാധ്യമങ്ങളിൽ കടുത്ത പരിഹാസം.
കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തന്റെ മുഴുവൻ ഓവറുകളും പൂർത്തിയാക്കാൻ പോലും അഫ്രീദിക്ക് സാധിച്ചില്ല. രണ്ട് ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്. അക്സർ പട്ടേലിന്റെ വിക്കറ്റ് വീഴ്ത്തിയെങ്കിലും മത്സരത്തിന്റെ നിർണ്ണായക ഘട്ടങ്ങളിൽ താളം കണ്ടെത്താൻ അഫ്രീദി പാടുപെട്ടു.
സ്പിന്നർമാർ ആധിപത്യം പുലർത്തിയ മത്സരത്തിൽ പാകിസ്താൻ നിരയിൽ കളിച്ച ഏക സ്പെഷ്യലിസ്റ്റ് പേസർ അഫ്രീദിയായിരുന്നു. എന്നാൽ ആദ്യ ഓവറിൽ തന്നെ 15 റൺസ് വഴങ്ങിയതോടെ പാകിസ്താന് മത്സരത്തിന് മേലുണ്ടായിരുന്ന നിയന്ത്രണം നഷ്ടമായി.



