ശബരിമല ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികളിൽ ആസിഡിന്റെ സാന്നിധ്യം കണ്ടെത്തി. വിദഗ്ധ പരിശോധനയിലാണ് സ്വർണ്ണപ്പാളികൾ ദ്രവിക്കാൻ കാരണമാകുന്ന നൈട്രിക് ആസിഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കാലക്രമേണ ഈ ഭാഗങ്ങൾ ദ്രവിച്ചു തുടങ്ങാൻ ഇത് കാരണമാകും.
സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കാൻ ശാസ്ത്രീയമായ രീതികൾ ഉപയോഗിക്കുന്നതിന് പകരം, അപ്രൈസർമാർ നേരിട്ട് ആസിഡ് പ്രയോഗിച്ചതാണ് പ്രശ്നമായതെന്നാണ് വിലയിരുത്തൽ. കുംഭമാസ പൂജയ്ക്കായി നടതുറന്ന സമയത്ത് നടന്ന 24 മണിക്കൂർ നീണ്ടുനിന്ന പരിശോധനയിലാണ് വിവിധ ഭാഗങ്ങളിൽ ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഇത്തരത്തിൽ അപ്രൈസർമാർ നേരിട്ട് ആസിഡ് പ്രയോഗിക്കുന്നത് അടിയന്തരമായി തടയണമെന്ന് വിദഗ്ധ സമിതി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ദ്വാരപാലക ശില്പങ്ങളിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് അവ ദ്രവിച്ചു തുടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാളികൾ സ്വർണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോയപ്പോഴാണ് സ്വർണ്ണ തട്ടിപ്പുകൾ പുറത്തുവന്നത്.
പരിശോധനയ്ക്കായി വലിയ സാമ്പിളുകൾ മുറിച്ചെടുത്തതു കാരണം മൂന്ന് തൂണുകളും ദ്വാരപാലക സ്വർണ്ണപ്പാളികളും നിലവിൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. താൽക്കാലികമായി ഇവ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പോരായ്മകൾ അടിയന്തരമായി പരിഹരിക്കണമെന്ന് തന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.



