ബഹിരാകാശത്തെ വിസ്മയ കാഴ്ചകളായ സൂര്യ-ചന്ദ്ര ഗ്രഹണങ്ങൾ യാദൃശ്ചികമായി സംഭവിക്കുന്നവയല്ലെന്നും അവ കൃത്യമായ ശാസ്ത്രീയ പാറ്റേണുകൾ പിന്തുടരുന്നുവെന്നും ഗവേഷകർ. സാധാരണയായി ഗ്രഹണങ്ങൾ ജോഡികളായാണ് എത്താറുള്ളത്. 2026 വർഷം രണ്ട് വലിയ ‘എക്ലിപ്സ് സീസണുകൾക്കാണ്’ (Eclipse Seasons) സാക്ഷ്യം വഹിക്കാൻ പോകുന്നത്. 2026 ഫെബ്രുവരി 17 മുതൽ മാർച്ച് മൂന്ന് വരെയും, തുടർന്ന് ആഗസ്റ്റ് മാസത്തിലുമാണ് ഈ പ്രതിഭാസങ്ങൾ അരങ്ങേറുന്നത്.

ഒരു വർഷത്തിൽ ശരാശരി രണ്ട് തവണ മാത്രം സംഭവിക്കുന്ന 31 മുതൽ 37 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കാലയളവിനെയാണ് എക്ലിപ്സ് സീസൺ എന്ന് വിളിക്കുന്നത്. ഈ സമയത്ത് മാത്രമേ സൂര്യനും ചന്ദ്രനും ഭൂമിയും ഗ്രഹണത്തിന് അനുയോജ്യമായ രീതിയിൽ നേർരേഖയിൽ വരികയുള്ളൂ. ജ്യോതിശാസ്ത്രത്തിൽ ഇതിനെ ‘സിസിജി’ (Syzygy) എന്ന് വിളിക്കുന്നു. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥവുമായി (ക്രാന്തിപഥം) അഞ്ച് ഡിഗ്രി ചരിഞ്ഞിരിക്കുന്നതിനാലാണ് എല്ലാ മാസവും ഗ്രഹണങ്ങൾ ഉണ്ടാകാത്തത്. ഈ രണ്ട് ഭ്രമണപഥങ്ങൾ പരസ്പരം മുറിച്ചുകടക്കുന്ന ‘ലൂണാർ നോഡുകൾ’ (Lunar Nodes) എന്ന ബിന്ദുക്കളിൽ സൂര്യനും ചന്ദ്രനും എത്തുമ്പോൾ മാത്രമാണ് ഗ്രഹണം സംഭവിക്കുന്നത്.

2026-ലെ ആദ്യ ഗ്രഹണ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കും. 2026 ഫെബ്രുവരി 17, ചൊവ്വാഴ്ച  വലയ സൂര്യഗ്രഹണമാണ് (Annular Solar Eclipse) നടക്കുന്നത്. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കാതെ ഒരു ‘അഗ്നിവലയം’ (Ring of Fire) അവശേഷിപ്പിക്കുന്ന കാഴ്ചയാണിത്. അന്റാർട്ടിക്കയുടെ ചില ഭാഗങ്ങളിൽ ഇത് ദൃശ്യമാകും. കൃത്യം 14 ദിവസങ്ങൾക്ക് ശേഷം, 2026 മാർച്ച് മൂന്ന് ചൊവ്വാഴ്ച പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കും. ഈ സമയത്ത് ചന്ദ്രൻ ഭൂമിയുടെ നിഴലിലാവുകയും ‘ബ്ലഡ് മൂൺ’ (Blood Moon) എന്നറിയപ്പെടുന്ന ചുവപ്പ് കലർന്ന നിറം കൈവരിക്കുകയും ചെയ്യും. ഓസ്‌ട്രേലിയ, കിഴക്കൻ ഏഷ്യ, പസഫിക് മേഖലകളിൽ ഇത് ദൃശ്യമാകും.

2026-ലെ ഏറ്റവും വലിയ ആകാശ വിസ്മയം അരങ്ങേറുന്നത് ആഗസ്റ്റിലാണ്. 2026 ആഗസ്റ്റ് 12, ബുധനാഴ്ച ലോകം ഒരു പൂർണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. 2024 ഏപ്രിലിന് ശേഷം ആദ്യമായാണ് ഇത്തരമൊരു പ്രതിഭാസം നടക്കുന്നത്. ഗ്രീൻലൻഡ്, ഐസ്‌ലൻഡ്, സ്പെയിൻ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പാതയിൽ പകൽ സമയം പൂർണ്ണമായും ഇരുട്ടിലാകും. സൂര്യന്റെ പുറംഭാഗമായ കൊറോണ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. ഇതിന് പിന്നാലെ, 2026 ആഗസ്റ്റ് 28 ബുധനാഴ്ച ഒരു ഭാഗിക ചന്ദ്രഗ്രഹണവും സംഭവിക്കും. വടക്കൻ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും.

ഓരോ വർഷവും ഏകദേശം 19 ദിവസങ്ങൾ വീതം മുന്നോട്ട് നീങ്ങുന്ന ഗ്രഹണ സീസണുകൾ, പ്രപഞ്ചത്തിന്റെ കൃത്യതയാർന്ന ഗതിവിഗതികളുടെ തെളിവാണ്. 2026 വർഷം വാനനിരീക്ഷകരെ സംബന്ധിച്ചിടത്തോളം ഗ്രഹണങ്ങളുടെ സുവർണ്ണ വർഷമായിരിക്കുമെന്ന് നാസയുടെ (NASA) കണക്കുകൾ വ്യക്തമാക്കുന്നു.