ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിലെ യാത്രക്കാരനും എയർലൈൻ ജീവനക്കാരും തമ്മിൽ തർക്കം. ഇരിപ്പിടത്തെയും ഭക്ഷണത്തെയും ചൊല്ലിയാണ് ലഖ്നൗ വിമാനത്തിൽ തർക്കമുണ്ടായത്. തർക്കം രൂക്ഷമായതോടെ വിമാനം ലാൻഡ് ചെയ്ത ശേഷം സി.ഐ.എസ്.എഫ് ഇടപെടുകയും യാത്രക്കാരനെ സരോജിനി നഗർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. ഇരുവിഭാഗവും പരസ്പരം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പോലീസ് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്.
ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ബെംഗളൂരു നിവാസിയായ അങ്കിത് സഹായ് ഭാര്യയും മൂന്നു വയസ്സുള്ള മകനുമൊത്താണ് യാത്ര ചെയ്തത്. ബിസിനസ് ക്ലാസ് ടിക്കറ്റ് ഉണ്ടായിരുന്നിട്ടും തന്നെ ഇക്കണോമി ക്ലാസിൽ ഇരുത്താൻ നിർബന്ധിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കൂടാതെ, മുൻകൂട്ടി ബുക്ക് ചെയ്ത നോൺ-വെജിറ്റേറിയൻ ഭക്ഷണത്തിന് പകരം വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയതെന്നും അങ്കിത് സഹായ് പരാതിപ്പെടുന്നു.



