5 പേർക്ക് പുതുജീവനേകിയ സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ടയില്‍ നടക്കും.
പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30-നാണ് സംസ്കാരം. മസ്തിഷ്ക മരണത്തിന് പിന്നാലെ അഞ്ചുപേർക്ക് പുതുജീവനേകി മടങ്ങിയ കുരുന്നുമാലാഖയ്ക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് നാട് വിടനല്‍കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 5-ന് കോട്ടയം പള്ളത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റേയും ഷെറിൻ ആൻ ജോണിന്റേയും ഏക മകള്‍ ആലിന് ഗുരുതരമായി പരിക്കേറ്റത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം എതിർദിശയില്‍ നിന്നുവന്ന കാർ വാഹനത്തിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. കുട്ടിയ്ക്ക് ഗുരുതമായി പരിക്കേല്‍ക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിക്കുകയും ചെയ്തു.
അപകടം നടന്ന ഉടൻ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി 7ന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയുമായിരുന്നു.
ഏക മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയില്‍ അച്ഛൻ അരുണ്‍ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്. മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്.



