ന്യൂഡൽഹി: നിരോധിത ഖലിസ്ഥാൻ വിഘടനവാദി സംഘടനയായ സിഖ്സ് ഫോർ സ്ഥാപകനും അമേരിക്കൻ പൗരനുമായ ഗുർപത്വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കുറ്റം സമ്മതിച്ച് പ്രതി നിഖിൽ ഗുപ്ത.
പന്നുവിനെ വധിക്കാൻ വാടക കൊലയാളിയെ ഏർപ്പാടാക്കിയെന്ന കേസിൽ ന്യൂയോർക്ക് കോടതിയിൽ നിഖിൽ ഗുപ്ത കുറ്റം സമ്മതിച്ചെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. കേസിന്റെ വിചാരണയും വിധിയും മേയിൽ നടക്കും.
ചെക്ക് റിപ്പബ്ലിക്കിൽ നിന്നാണ് അമേരിക്ക നിഖിൽ ഗുപ്തയെ അറസ്റ്റ് ചെയ്തത്. പന്നുവിനെ വധിക്കാൻ അമേരിക്കയിൽ നിഖിൽ ഗുപ്ത കരാർ നൽകിയെന്നാണ് യുഎസ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്. എന്നാൽ, പ്രോസിക്യൂഷൻ വാദം നിഖിൽ സമ്മതിച്ചിരുന്നില്ല.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയിലെ മുൻ ഉദ്യോഗസ്ഥൻ വികാസ് യാദവാണ് നിഖിലിനെ നിയന്ത്രിച്ചിരുന്നതെന്നാണ് യുഎസ് കുറ്റപത്രത്തിൽ പറയുന്നത്.
വികാസ് യാദവും ഗുപ്തയും ചേർന്ന് ഒരാളെ വാടകക്കെടുത്ത് പന്നുവിനെ വധിക്കുന്നതിനായി 1,00,000 ഡോളറിന് കരാർ നൽകിയെന്നാണ് കേസ്. എന്നാൽ, ഇവർ വധിക്കുന്നതിനായി കരാർ നൽകിയയാൾ എഫ്ബിഐക്ക് വിവരം നൽകുന്നയാളായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
വികാസ് യാദവിനെതിരെ 2024 ഒക്ടോബർ 18നാണ് യുഎസ് നീതിവകുപ്പ് കുറ്റം ചുമത്തിയത്. 2023 മേയിലാണ് പന്നുവിനെ കൊല്ലാനുള്ള നീക്കങ്ങൾ യാദവ് ആരംഭിക്കുന്നത്.



