ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്ന വാർത്തകൾ വേദനാജനകവും വാസ്തവവിരുദ്ധവുമാണെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ്. ചിലർ ഉദ്ദേശ്യപൂർവ്വം തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതായും ബോർഡ് ആരോപിച്ചു. ഓഡിറ്റ് റിപ്പോർട്ടിൽ പൊരുത്തക്കേടുണ്ടെന്നും കണക്ക് അന്തിമമല്ലെന്നും ദേവസ്വം ബോർഡ് പ്രതികരിച്ചു.
ദേവസ്വത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിലോ, സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ മുഖ്യമന്ത്രിക്കായി കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചെന്ന തരത്തിലുള്ള യാതൊരു പരാമർശവും ഇല്ലെന്നും അധികൃതർ വിശദീകരിച്ചു. നന്ദഗോവിന്ദം ഭജൻസ് സംഘത്തിന് തുക നൽകിയതായി ബോർഡിന്റെ ഓഡിറ്റർ റിപ്പോർട്ടിൽ പറയുന്നത് പിശകാണ്.
ഇവന്റ് മാനേജ്മെന്റ് ഏജൻസി ദേവസ്വം ബോർഡിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന് സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ അശ്രദ്ധയായി ഉണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജൻസ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ആഗോള അയ്യപ്പ സംഗമത്തിന്റെ തുടക്കത്തിൽ ഒരു ഭജൻ അവതരിപ്പിക്കണമെന്ന നിർദേശം ഉയർന്നിരുന്നു. നന്ദഗോവിന്ദം ഭജൻസ് സംഘത്തെ സമീപിച്ചെങ്കിലും, അന്നേ ദിവസം മറ്റ് പരിപാടികൾ ഉണ്ടായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു.



