കൊലപാതകക്കേസിൽ കർണാടയിലെ പ്രമുഖ ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ ബൈരതി ബസവരാജ് അറസ്റ്റിൽ. അഹമ്മദാബാദിൽ നിന്ന് ബംഗ്ളൂരിൽ എത്തിയ ഉടനെയാണ് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പൊലീസ് സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കെ.ആർ പുരം എം.എൽ.എയാണ് അറസ്റ്റിലായ ബൈരതി ബസവരാജ്.

അഹമ്മദാബാദിൽ നിന്നുള്ള വിമാനത്തിൽ ബംഗ്ളൂരിലെത്തിയ എം.എൽ.എയെ കാത്ത് പൊലീസ് സംഘം ഒന്നാം ടെർമിനലിൽ നിലയുറപ്പിച്ചിരുന്നു. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 

കൊലപാതകക്കേസിൽ പ്രതിയായ ബസവരാജ് കർണാടക ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി അത് നിഷേധിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായി മണിക്കൂറുകൾക്കകമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

റിയൽ എസ്റ്റേറ്റ് വ്യാപാരിയായ ശിവപ്രകാശ് എന്ന ബി.ക്യു ശിവു കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി. കേസിലെ അഞ്ചാം പ്രതിയാണ് ബസവരാജ്. 2025 ജൂലൈ 15-ന് ഭാരതി നഗറിൽ വെച്ചാണ് ശിവപ്രകാശ് കൊല്ലപ്പെട്ടത്.  അമ്മയുടെ മുന്നിൽ വെച്ച് കാറിലെത്തിയ സംഘം ഇരുമ്പ് ദണ്ഡുകളും വടിവാളുകളും ഉപയോഗിച്ച് ശിവപ്രകാശിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കിതഗനുർ പ്രദേശത്തെ ഒരു സ്വത്ത് തർക്കത്തെത്തുടർന്ന് ക്വട്ടേഷൻ നൽകി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.