ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയുമായി ബന്ധപ്പെട്ട ആശങ്കകൾ ആഗോള ഓഹരി വിപണികളിൽ കനത്ത പ്രകമ്പനം സൃഷ്ടിച്ചു. അമേരിക്കയിൽ ആരംഭിച്ച വിൽപ്പന സമ്മർദ്ദം ഏഷ്യൻ വിപണികളിലേക്കും തുടർന്ന് ഇന്ത്യൻ വിപണിയിലേക്കും വ്യാപിച്ചു. സെൻസെക്സ്-നിഫ്റ്റി സൂചികകൾ ഇടിഞ്ഞപ്പോൾ ഐടി ഓഹരികളിലാണ് ഏറ്റവും വലിയ ആഘാതം പ്രകടമായത്. പ്രമുഖ ടെക് കമ്പനികളുടെ ഓഹരികൾക്ക് ശ്രദ്ധേയമായ ഇടിവ് രേഖപ്പെടുത്തിയതോടെ നിക്ഷേപകരിൽ ആശങ്ക ഉയർന്നിരിക്കുകയാണ്. അതേസമയം, അനിശ്ചിതത്വ സാഹചര്യത്തിൽ സ്വർണം, വെള്ളി പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞതിന്റെ സൂചനകളും വിപണിയിൽ പ്രകടമാണ്.
വെള്ളിയാഴ്ച രാവിലെ 10:45 വരെ സെൻസെക്സ് 739.44 പോയിന്റ് അഥവാ 0.89% താഴ്ന്ന് 82,932.25 ൽ വ്യാപാരം നടത്തി, നിഫ്റ്റി 241.45 പോയിന്റ് അഥവാ 0.94% താഴ്ന്ന് 25,598.10 ൽ എത്തി. ബിഎസ്ഇയിലെ മുൻനിര 30 ഓഹരികളിൽ ഇരുപത്തിയേഴ് ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഐടി ഓഹരികൾ ഏകദേശം 6% ഇടിഞ്ഞു. റിലയൻസ് ഓഹരികളും 1.40% ഇടിഞ്ഞു.



