രോഗത്തിന്റെ കാഠിന്യത്തിലും വേദനയിലും കഴിയുന്നവർക്ക് സാന്ത്വനവുമായി ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാൻ ഉദ്യാനത്തിലെ ലൂർദ് ഗ്രോട്ടോ സന്ദർശിച്ചു. ആഗോള രോഗീദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ, പരിശുദ്ധ മറിയം തന്റെ ജീവിതത്തിലൂടെ വേദനയുടെയും സ്നേഹത്തിന്റെയും അർഥം ലോകത്തെ എങ്ങനെ പഠിപ്പിക്കുന്നുവെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. വത്തിക്കാൻ ഉദ്യാനത്തിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നിൽ ഒത്തുകൂടിയ രോഗികളോടും അവരുടെ ശുശ്രൂഷകരോടും സംസാരിക്കുകയായിരുന്നു പാപ്പ.
“പരിശുദ്ധ അമ്മ നമ്മുടെ അരികിലുണ്ട്. വേദന എന്താണെന്നും സ്നേഹം എന്താണെന്നും തന്റെ ജീവിതം ദൈവകരങ്ങളിൽ പൂർണ്ണമായി സമർപ്പിക്കുന്നത് എങ്ങനെയെന്നും അമ്മ നമ്മെ പഠിപ്പിക്കുന്നു. നന്മയുടെയും കരുണയുടെയും മാതൃകയായ ‘നല്ല സമരിയാക്കാരനെ’ പോലെ മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേരാൻ ക്രിസ്തീയ സമൂഹം എപ്പോഴും തയ്യാറാകണം.” പാപ്പ കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള രോഗികൾക്കായി ഗ്രോട്ടോയിൽ മാർപാപ്പ മെഴുകുതിരി തെളിച്ചു. തുടർന്ന് വീൽചെയറിൽ എത്തിയ രോഗികളുമായി പാപ്പ സംസാരിക്കുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്തു. രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് ആശ്വാസമേകാൻ ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും നടത്തുന്ന സേവനങ്ങളെ പാപ്പ പ്രത്യേകം അഭിനന്ദിച്ചു.
ഫ്രാൻസിലെ ലൂർദിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ വാർഷിക ദിനമായ ഫെബ്രുവരി 11 ആണ് കത്തോലിക്കാ സഭ ആഗോള രോഗീദിനമായി ആചരിക്കുന്നത്. ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് സഭയുടെയും സമൂഹത്തിന്റെയും പിന്തുണ ഉറപ്പാക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.



